Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിവാഹവിസയില്‍ എത്തുന്നവരില്‍ അധികവും ആദ്യമായി യുകെ കാണുന്നവര്‍
Reporter
ലണ്ടന്‍ : വിവാഹ വിസയില്‍ ബ്രിട്ടണില്‍ എത്തുന്ന മൂന്നില്‍ രണ്ടു പേരും ആദ്യമായി രാജ്യം കാണുന്നവരാണെന്നു റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 40,000 പേരാണു വിവാഹം കഴിക്കാനോ പങ്കാളിക്കൊപ്പം കഴിയാനോ വേണ്ടി ബ്രിട്ടണില്‍ എത്തുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരോടൊപ്പം 9000 കുട്ടികളും ഇവരുടെ ആശ്രിതരും എത്തുന്നുണ്ട്. 2009 ലെ ഹോം ഓഫിസ് കണക്കു പ്രകാരം വിവാഹവിസയില്‍ രാജ്യത്ത് എത്തിയവരില്‍ 67 ശതമാനവും ആദ്യമായി ബ്രിട്ടണ്‍ കണ്ടവരാണ്. ഇവര്‍ക്കു ബ്രിട്ടീഷ് സംസ്‌കാരത്തെക്കുറിച്ചു വളരെ കുറച്ച് അറിവു മാത്രമാണു ഉള്ളത്.

നിലവില്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. വരും മാസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പങ്കാളിയെ യുകെയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു കടുത്ത പരിശോധന നേരിടേണ്ടിവരും. കൂടെ വരുന്നവരുടെ ചെലവ് വഹിക്കാന്‍ ശേഷിയുണ്ടെന്ന് ഇവര്‍ ബോധ്യപ്പെടുത്തണം. ഇത്തരക്കാരെ രാജ്യത്തേക്കു സ്വീകരിക്കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഫാമിലി വിസ ദുരുപയോഗം ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയാന്‍ ഗ്രീന്‍ പറഞ്ഞു. വളരെ ഗൗരവമായ വിഷയമാണിതെന്നു ഗ്രീന്‍ പറഞ്ഞു. ഇത്രയും നാള്‍ ഇതു കാര്യമാക്കാതെ വിട്ടു. എന്നാല്‍ പ്രശ്‌നം ഗുരുതരമായ സ്ഥിതിക്കു എത്രയും വേഗം നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി വിവാഹം കഴിക്കാനോ ഈ രാജ്യത്തിന്റെ സംസ്‌കാരം അറിയാന്‍ താത്പര്യം ഇല്ലാത്തവരേയോ ഇവിടുത്തെ ആനുകൂല്യത്തിന് അര്‍ഹരാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തേക്കു കുടിയേറുന്നവര്‍ ഇവിടുത്തെ സംസ്‌കാരവും സമ്പ്രദായവും അറിഞ്ഞിരിക്കണം. 2004 ല്‍ ബ്രിട്ടണില്‍ എത്തിയ പത്തില്‍ എട്ടു പേരും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവര്‍ സ്ഥിരതാമസക്കാരാകുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നിന്നു പത്തിലൊരു കുടുംബമാണ് ഇവിടെ എത്തുന്നത്.

വിവാഹ വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവരില്‍ അഞ്ചിലൊന്നു പേരും ജോലിയില്ലാത്തവരോ ശരാശരിക്കു താഴെ വരുമാനം ഉള്ളവരോ ആണ്. മൂന്നിലൊരാള്‍ കുടുംബാഗങ്ങള്‍ക്കൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആണു കഴിയുന്നത്. ഇവര്‍ക്കു സാമ്പത്തികം ഇല്ല. വിവാഹവിസയില്‍ എത്തുന്നവരെല്ലാം ബ്രിട്ടണില്‍ പുതിയ ആളുകളാണ്. ഇതോടെ കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു. കുടുംബ ജീവിതത്തിന്റെ ആനുകൂല്യം വിദേശത്തുള്ളവര്‍ മുതലെടുക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദേശകുറ്റവാളികള്‍ക്കു പോലും ഇതുവഴി രാജ്യത്തു സുഖമായി താമസിക്കാന്‍ സാധിക്കും. ഇത്തരക്കാരെ രാജ്യത്തു നിന്നു പുറത്താക്കാന്‍ പോലും നിയമം മൂലം സാധിക്കില്ല. ഈ നിയമം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ദമ്പതികള്‍ യുകെയില്‍ സ്ഥിരതാമസമാക്കാന്‍ അഞ്ചു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും.ഇപ്പോള്‍ ഇതു രണ്ടു വര്‍ഷമാണ്.
 
Other News in this category

 
 




 
Close Window