ലണ്ടന്‍: ഗാസ മുനമ്പ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത് യുകെ. പലസ്തീനികളെ ഗാസയില്‍ നിന്നു കുടിയിറക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കുമെന്ന് യു.കെ അന്താരാഷ്ട്ര വികസന സഹമന്ത്രി അനേലിസെ ഡോഡ്‌സ് വ്യക്തമാക്കി. പലസ്തീനികളെ ബലം പ്രയോഗിച്ച് ഗാസയില്‍ നിന്നും മാറ്റാനാവില്ല. ഈ രീതിയില്‍ ഗാസയുടെ അതിര്‍ത്തികള്‍ മാറ്റാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
പലസ്തീനികളെ ഗാസയില്‍നിന്ന് ഈജിപ്റ്റിലേക്കും ജോര്‍ദാനിലേക്കും പോകണമെന്നും, ഇവിടം ഏറ്റെടുത്ത് യുഎസ് സുഖവാസ കേന്ദ്രം നിര്‍മിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൈറ്റ്ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനെതിരേ വലിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ, യുഎസിന്റെ സൈനിക ശക്തി ഉപയോഗിച്ചാവില്ല ഏറ്റെടുക്കലെന്നും, ഇസ്രയേല്‍ അവരുടെ പക്കലുള്ള ഭൂഭാഗങ്ങള്‍ യുഎസിനു കൈമാറുമെന്നും ട്രംപ് വിശദീകരിക്കുകയും ചെയ്തിരുന്നു. 20 ലക്ഷത്തോളം പലസ്തീനികളാണ് ഗാസയിലുള്ളത്.