Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
പോര്‍ട്സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് തിരുവനന്തപുരം സ്വദേശി പ്രാണ്‍ പ്രവീണ്‍
Text By: Reporter, ukmalayalampathram
യുകെയിലെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടം നേടിയ ഏക ഏഷ്യക്കാരനും ഇന്ത്യക്കാരനുമായി കേരളത്തിന്റ അഭിമാനതാരം. തിരുവനന്തപുരം വലിയവിള സ്വദേശിയായ പ്രാണ്‍ പ്രവീണ്‍ ആണ് പോര്‍ട്സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം. കേരളത്തിലെ കുട്ടികള്‍ക്കായി സ്വന്തമായി സ്‌ക്വാഷ് അക്കാദമി തുടങ്ങണമെന്ന ലക്ഷ്യത്തിലേയ്ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി യുകെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയില്‍ എംഎസ്സി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പഠനത്തിലാണ് പ്രാണ്‍ ഇപ്പോള്‍. പ്രവേശനം ലഭിച്ചിട്ട് ഒരു മാസം പിന്നിടും മുന്‍പേ കളിയിലെ മികവ് യൂണിവേഴ്‌സിറ്റി ടീമിലേക്ക് പ്രാണ്‍ പ്രവീണിനെ എത്തിച്ചു. കളിയുടെ സാങ്കേതികത മാത്രമല്ല അക്കാദമി തുടങ്ങണമെങ്കില്‍ മാനേജ്‌മെന്റ് വശങ്ങള്‍ കൂടി അറിഞ്ഞിരിക്കണമെന്നതു കൊണ്ടാണ് യുകെയിലേക്ക് എത്തിയതെന്ന് പ്രാണ്‍ പറയുന്നു. കേരളത്തിന്റെ സ്‌ക്വാഷ് മേഖലയില്‍ വേണ്ടത്ര സൗകര്യങ്ങളോ പരിശീലന ക്ലബ്ബുകളോ സ്ഥിരമായി പരിശീലകരോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ടനുഭവിച്ചതിലൂടെയാണ് ഇനിയുള്ള തലമുറയ്ക്കായി മികച്ച സൗകര്യങ്ങളൊരുക്കണമെന്ന ചിന്ത 25 കാരനായ ഈ കായിക പ്രതിഭയ്ക്കുണ്ടായത്.

സംസ്ഥാന സ്‌കൂള്‍ കായിക മത്സരങ്ങളില്‍ സ്‌ക്വാഷ് ഉള്‍പ്പെടുത്തണമെന്ന ആഗ്രഹവും ഈ താരത്തിനുണ്ട്. എല്ലാ ജില്ലകളിലും സ്‌ക്വാഷ് പരിശീലന ക്ലബ്ബുകള്‍ വേണമെന്നാണ് പ്രാണ്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്‌ക്വാഷിന് വലിയ പ്രാധാന്യം കൊടുക്കുമ്പോള്‍ കേരളത്തിലെ കുട്ടികള്‍ക്ക് പരിശീലന സൗകര്യങ്ങളില്ലെന്നത് തന്നെയാണ് അക്കാദമി എന്ന സ്വപ്നത്തിലേക്ക് പ്രാണിനെ എത്തിച്ചത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ (സിഎസ്എന്‍ പൊലീസ് സ്റ്റേഡിയം) സ്‌ക്വാഷ് കോര്‍ട്ടില്‍ തുടങ്ങിയ കായിക ജീവിതമാണ് പ്രാണിന്റേത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉദ്യോഗസ്ഥനായ പ്രവീണ്‍കുമാറിന്റെയും ആര്‍കെഡി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്ന ഗോപികാ റാണിയുടേയും ഏക മകനാണ്. തിരുവനന്തപുരം മാര്‍ ബസേലിയസ് കോളജില്‍ നിന്നാണ് പ്രാണ്‍ ബി ടെക്ക് ബിരുദം നേടിയത്. തുടര്‍ന്ന് എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ബിടെക് മെക്കാനിക്കല്‍ എന്‍ജീനീയറിങ്ങും കരസ്ഥമാക്കി.

ബാസ്‌ക്കറ്റ് ബോളിലായിരുന്നു സ്‌പോര്‍ട്‌സിലേക്കുള്ള തുടക്കം. അച്ഛന്റെ സുഹൃത്തായ സുഭാഷ് ജോര്‍ജ് പറഞ്ഞിട്ടാണ് ഒരിക്കല്‍ സ്‌ക്വാഷിന്റെ ക്യാംപില്‍ പങ്കെടുത്തത്. ക്യാംപിന്റെ അവസാനം നടന്ന ടൂര്‍ണമെന്റില്‍ വിജയിക്കാനായത് കൂടുതല്‍ പ്രോത്സാഹനമായി. അങ്ങനെയാണ് സ്‌ക്വാഷിലേക്കുള്ള തുടക്കം. പെട്ടെന്ന് കളി പഠിക്കാന്‍ കഴിഞ്ഞു. ചെന്നൈയില്‍ ഇന്ത്യന്‍ സ്‌ക്വാഷ് അക്കാദമിയില്‍ ഒരാഴ്ച പരിശീലനം നേടി. 2017 ല്‍ ആദ്യത്തെ സംസ്ഥാന തല സ്‌ക്വാഷ് ടൂര്‍ണമെന്റില്‍ ജേതാവായി. തിരുവനന്തപുരത്ത് നടന്ന അണ്ടര്‍ 19 ദേശീയ മത്സരത്തില്‍ പങ്കെടുത്തു. 19-ാം റാങ്കിങ്ങില്‍ എത്തി. പുരുഷ ടീമിലേക്ക് ഉയര്‍ന്നതോടെ ഇതിനകം നാല്‍പതോളം ദേശീയ ടൂര്‍ണമെന്റില്‍ ജഴ്‌സിയണിയാന്‍ കഴിഞ്ഞു. 2020 ല്‍ ജയ്പൂരില്‍ നടന്ന അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പില്‍ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും പ്രാണ്‍ പങ്കെടുത്തിരുന്നു. 2020 ല്‍ നേടിയ 15-ാം റാങ്ക് ആണ് പ്രാണിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്. 2023 ല്‍ ദുബായ് ഫറ മോമന്‍ അക്കാദമിയുടെ അഡ്വാന്‍സ്ഡ് ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റില്‍ വെങ്കലവും നേടി.

21-ാം വയസ്സിലാണ് പ്രാണ്‍ പരിശീലകന്റെ കുപ്പായമണിഞ്ഞു തുടങ്ങിയത്. സര്‍ട്ടിഫിക്കേഷന്‍ എടുത്തിട്ടും കേരളത്തില്‍ ജോലി ചെയ്യാനുള്ള അവസരം ഇല്ലാതിരുന്നതാണ് പ്രാണ്‍ എന്ന കായിക താരം കടല്‍ കടക്കാന്‍ കാരണം. മുത്തശ്ശിയെ കാണാന്‍ വിസിറ്റ് വീസയില്‍ ദുബായില്‍ എത്തിയതാണ്. അവിചാരിതമായി അവിടുത്തെ ടൂര്‍ണമെന്റുകളിലൊന്നില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഫറ മോമന്‍ സ്‌ക്വാഷ് അക്കാദമി അധികൃതര്‍ പ്രാണിന്റെ കഴിവ് തിരിച്ചറിഞ്ഞതോടെയാണ് പരിശീലകനാകാന്‍ ക്ഷണിച്ചത്. 2021 മുതല്‍ 2024 വരെ 3 വര്‍ഷക്കാലം അക്കാദമിയില്‍ പരിശീലകനായി. 3 വര്‍ഷം കൊണ്ട് ഇരുന്നൂറിലധികം കളിക്കാര്‍ക്കാണ് പരിശീലനം നല്‍കാന്‍ കഴിഞ്ഞുവെന്ന് പ്രാണ്‍ പറഞ്ഞു. ഒട്ടനവധി ടൂര്‍ണമെന്റുകളിലും പങ്കെടുത്തു. ഇതിനിടയില്‍ ദുബായിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഹെഡ് കോച്ച് ആയി. വിദ്യാര്‍ഥികളുടെ അത്‌ലീറ്റിക് പങ്കാളിത്തം മെച്ചപ്പെടുത്താനും ടൂര്‍ണമെന്റുകളില്‍ ടീമിന് മികച്ച വിജയം നേടി കൊടുക്കാനും കഴിഞ്ഞത് പ്രാണിന്റെ പരിശീലക പാടവമാണ്.

കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിലും മികച്ച കളിക്കാരനായി അവരെ വാര്‍ത്തെടുക്കുന്നതിലും സ്ട്രാറ്റജിക് പരിശീലനം നല്‍കുന്നതിലുമാണ് പരിശീലകനെന്ന നിലയില്‍ പ്രാണ്‍ മികവു തെളിയിച്ചത്.
 
Other News in this category

 
 




 
Close Window