വെയ്ല്‍സ്: വെയില്‍സിലെ റെക്സാംമില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച 52 വയസ്സുകാരിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്രെക്‌സാമിലെ കായ പാര്‍ക്കിലെ പെന്‌ട്രെ ഗ്വിനില്‍ നിന്നുള്ള ജോവാന വ്രോന്‍സ്‌കയാണ് പങ്കാളിയായ മാര്‍സിന്‍ കോസിയോലിനെ കൊലപ്പെടുത്തിയത്. പങ്കാളിയായ മാര്‍സിന്‍ സ്വയം കത്തി ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചതായി സംഭവം ദിവസം വൈകിട്ട് 6.15ന് ജോവാന തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നെഞ്ചില്‍ ഗുരുതരമായി കുത്തേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാര്‍സിനെയാണ് കണ്ടത്. ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും മാര്‍സിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മാര്‍സിന്‍ കുത്തി മരിച്ചെന്നാണ് പൊലീസ് ചോദ്യം ചെയ്യലില്‍ ജോവാന പറഞ്ഞത്. വീട്ടില്‍ തങ്ങള്‍ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്. കിടപ്പുമുറിയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാര്‍സിനെ കണ്ടത്. അതിനുശേഷമാണ് ആംബുലന്‍സിനെ വിളിച്ചതെന്നും ജോവാന മൊഴി നല്‍കി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ അടുക്കളയില്‍ നിന്ന് കഴുകി വൃത്തിയാക്കിയ കത്തി കണ്ടെത്തി. ടാപ്പില്‍ രക്തക്കറയും ഉണ്ടായിരുന്നു. ഇതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. വിചാരണ വേളയില്‍ ജോവാന കുറ്റം നിഷേധിക്കുകയും താന്‍ നിരപരാധിയാണെന്ന് വാദിക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും ആഴത്തില്‍ ഒരാള്‍ക്ക് സ്വന്തം ശരീരത്തില്‍ കുത്താന്‍ സാധിക്കില്ലെന്ന പത്തോളജിസ്റ്റ് കോടതിയില്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമായി. ജോവാന മദ്യപിച്ചിരുന്നെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പങ്കാളിയെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍.