50 ശതമാനം തീരുവ ബുധനാഴ്ച ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഈ മാസം ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിനുപുറമേ രണ്ടാമതായി പ്രഖ്യാപിച്ച 25 ശതമാനം തീരുവ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന തീരുവ ചുമത്തികൊണ്ട് റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ശിക്ഷിക്കുക എന്നതാണ് പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നത്. പക്ഷേ അമേരിക്കന്‍ ഉപഭോക്താക്കള്‍, ബിസിനസുകാര്‍, സര്‍വകലാശാലകള്‍ എന്നിവര്‍ക്ക് ഇത് കാര്യമായ നഷ്ടം വരുത്തുമെന്ന് അമേരിക്കയില്‍ നിന്നുള്ള നിരവധി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും വില്‍പ്പനയ്ക്കായി യുഎസില്‍ എത്തിക്കുന്നതോ വെയര്‍ഹൗസില്‍ നിന്ന് കൊണ്ടുപോകുന്നതോ ആയ ഏതൊരു ഇന്ത്യന്‍ ഉത്പന്നത്തിനും ഉയര്‍ന്ന തീരുവ ബാധകമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുമായുള്ള ശക്തമായ സാമ്പത്തിക ബന്ധങ്ങളും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് തുടരുന്നതും അടക്കമുള്ള നടപടികള്‍ക്കുള്ള പ്രതികാരമെന്ന നിലയ്ക്കാണ് യുഎസ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശാലമായ തീരുവ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം.