|
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 243 അംഗ നിയമസഭയിലേക്ക് ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാംവിലാസ്) 29 സീറ്റുകളിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എമ്മും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും ആറ് സീറ്റുകളില്‍ വീതവും മത്സരിക്കാന്‍ ധാരണയായി. ചരിത്രത്തില്‍ ഇതാദ്യമായാണ് ബിജെപിയും ജെഡിയുവും ഒരേ എണ്ണം സീറ്റുകളില്‍ സഖ്യത്തില്‍ മത്സരിക്കുന്നത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മ്മേന്ദ്ര പ്രധാന്‍, ബീഹാര്‍ ചുമതലയുള്ള വിനോദ് തവ്ഡെ, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വിവിധ എന്‍ഡിഎ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക് മോര്‍ച്ച, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു |