പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ എതിര്‍ത്ത് ഇസ്രയേല്‍. തീരുമാനം ഏകപക്ഷീയമാണെന്നും ഈ നീക്കം മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.
'ഒക്ടോബര്‍ 7 ലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്ക് നല്‍കാന്‍ എനിക്ക് വ്യക്തമായ സന്ദേശമുണ്ട്. നിങ്ങള്‍ ഭീകരതയ്ക്ക് വലിയ പ്രതിഫലം നല്‍കുന്നു. എനിക്ക് നിങ്ങള്‍ക്കായി മറ്റൊരു സന്ദേശമുണ്ട്: അത് സംഭവിക്കില്ല. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഒരു പലസ്തീന്‍ രാഷ്ട്രവും സ്ഥാപിക്കപ്പെടില്ല,' യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളെ അഭിസംബോധന ചെയ്ത സന്ദേശത്തില്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഈ ആഴ്ചത്തെ യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുന്നോടിയായിയായാണ് യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചത്. യുഎന്‍ പൊതു സഭയില്‍ ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളും പലസ്തീന് ഔപചാരികമായ സംസ്ഥാന പദവി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ജി7 ഗ്രൂപ്പിലെ ആദ്യ രാജ്യങ്ങളാണിവ. |