കൊച്ചി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച നടന്‍ മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ തോളിലേറ്റി നടക്കുന്ന ആളല്ല താനെന്ന് വ്യക്തമാക്കി. പുരസ്‌കാരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. 'വിമര്‍ശനങ്ങള്‍ വരും, അതൊന്നും തോളിലേറ്റി നടക്കുന്ന ആളല്ല ഞാന്‍. സിനിമ വിജയിക്കും, പരാജയപ്പെടും. അതൊരു മാജിക് ആണ്, വിഷ്യസ് സര്‍ക്കിളാണ്. അതിനകത്ത് 48 വര്‍ഷം നില്‍ക്കുന്നത് വലിയൊരു സര്‍ക്കസാണ്,' മോഹന്‍ലാല്‍ പറഞ്ഞു.
തുടരും, എംപുരാന്‍, ഹൃദയപൂര്‍വം തുടങ്ങിയ സിനിമകള്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളായി മാറിയതായും അദ്ദേഹം പറഞ്ഞു. 'ഇനി വരാനിരിക്കുന്ന സിനിമകള്‍ മഹത്തരമാണെന്നൊന്നും അവകാശപ്പെടുന്നില്ല. അതിലും നല്ല സിനിമകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാനേ പറ്റൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാനൊരുപാട് സ്വപ്നം കാണുന്ന ആളല്ല. കാരണം പിന്നെ അത് കിട്ടിയില്ലെങ്കില്‍ സങ്കടമാകും. എനിക്ക് കിട്ടുന്ന കഥാപാത്രം നന്നായി ചെയ്യാന്‍ ശ്രമിക്കും. ആ ശ്രമം വിജയിച്ചാല്‍ നിങ്ങള്‍ സ്വീകരിക്കും. തനിച്ചൊരു സിനിമ ചെയ്യാന്‍ പറ്റില്ല, അതിന് കൂട്ടായ ശ്രമം വേണം. അതിന്റെ ഭാഗമാകാന്‍ ഞാന്‍ തയ്യാറാണ്,' മോഹന്‍ലാല്‍ പറഞ്ഞു. 'എനിക്ക് ഈ ജോലി അല്ലാതെ വേറൊന്നും അറിയില്ല. മോഹന്‍ലാല്‍ എന്ന നടനെ നാളെ മുതല്‍ ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ ഒരു ബഹുമതിയുമില്ല. ആ ബഹുമതിയുള്ള പേര് ചീത്തയാക്കാതെ പോവുക എന്നേയുള്ളൂ,' അദ്ദേഹം പറഞ്ഞു.