തിരുവനന്തപുരം: തിരുമല നഗരസഭാ കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയെ ചുറ്റിപ്പറ്റി പുറത്തുവരുന്ന വിവരങ്ങള്‍ ഗൗരവതരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. അനിലിന്റെ ആത്മഹത്യാക്കുറിപ്പില്‍ പൊലീസ് ഭീഷണി സംബന്ധിച്ച പരാമര്‍ശങ്ങളൊന്നുമില്ലെന്നും, സ്വന്തം പാര്‍ട്ടിക്കാര്‍ ചതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
'ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം'
സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ആര്‍ കാശ് എടുത്തതെന്ന് വ്യക്തമാകുമെന്നും, കാശ് അടയ്ക്കാത്തവരാണ് മരണത്തിന് ഉത്തരവാദികളെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ബിജെപി നേതാക്കള്‍ സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു'
അനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും, ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. അനില്‍ വെറും കൗണ്‍സിലര്‍ മാത്രമല്ല, ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രധാന നേതാവാണ്. ഈ വിഷയത്തില്‍ ആര്‍എസ്എസ് പ്രതികരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മാധ്യമപ്രവര്‍ത്തകയോട് തരംതാണ ഭാഷ: മാപ്പ് പറയണം'
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനാകാത്ത രീതിയില്‍ വിഭ്രാന്തിയിലാണെന്നും, ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് പിടിക്കാനാകില്ലെന്ന ഉപദേശവും അദ്ദേഹം നല്‍കി.
സ്വന്തം മകളുടെ പ്രായത്തിലുള്ള മാധ്യമപ്രവര്‍ത്തകയോട് ''നീ'' എന്നൊക്കെയാണ് അഭിസംബോധന ചെയ്തതെന്നും, അത് തരംതാണമായ രീതിയിലായിപ്പോയെന്നും മന്ത്രി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്യുകയാണെന്നും, രാജീവ് ചന്ദ്രശേഖര്‍ ഈ വിഷയത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
'ഇത് കേരളമാണ്, ഭീഷണി ഇവിടെ നടക്കില്ല'
ഭീഷണിയുടെ സ്വരത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ എപ്പോഴും സംസാരിക്കുന്നതെന്നും, ഇത് കേരളമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ കഴിയുമെങ്കിലും കേരളത്തില്‍ അത് നടക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.