ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കായിക അധ്യാപകനായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.
പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലൂടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തോടെ രണ്ട് വര്‍ഷം മുന്‍പ് വാടകവീടെടുത്ത് ഒരുമിച്ച് താമസിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി അഭയ് കടന്നുകളഞ്ഞതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.
താലികെട്ടിയും ഭീഷണിപ്പെടുത്തിയും
നഗരത്തിലെ ഒരു പള്ളിക്ക് മുന്നില്‍ താലികെട്ടിയതായും, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അഭയ് ഫോണില്‍ സ്വകാര്യ രംഗങ്ങള്‍ ചിത്രീകരിച്ചതായും, അതില്‍ നിന്നുള്ള ഫോട്ടോകള്‍ യുവതി പൊലീസിന് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
തുടക്കത്തില്‍ പൊലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അഭയ് പ്രതികരിക്കുന്നു
വസ്തുതര്‍ക്കുമായി കേരളത്തിലേക്കാണ് പോയതെന്ന് അഭയ് അവകാശപ്പെടുന്ന വീഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു. യുവതിയെ വിവാഹം കഴിക്കാനാണ് ഉദ്ദേശമെന്നും, തിരിച്ചെത്തി ഒപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വീഡിയോയില്‍ പറയുന്നു. കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ പരാതിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.