ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കര്‍ പുരസ്‌കാര ജേതാവുമായ സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകം ദി സാത്താനിക് വേഴ്സസ് ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
1988-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ദി സാത്താനിക് വേഴ്സസ് ഇന്ത്യയില്‍ വില്‍ക്കുന്നത് നിരോധിച്ചിരുന്നെങ്കിലും, ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ നവംബറില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പുസ്തകം ഇന്ത്യയില്‍ ലഭ്യമായതായും, അതിനെ തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണ് ഹര്‍ജിക്കാരുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഹര്‍ജി തള്ളുകയായിരുന്നു.
1988-ല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുസ്തകത്തെ നിരോധിച്ചത്. ദൈവനിന്ദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം വിഭാഗങ്ങള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.