തൃശൂര്‍: ശബരിമല ക്ഷേത്രം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് നടപ്പിലാകുന്നതോടെ ശബരിമല പ്രശ്‌നം തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നടന്ന 'കലുങ്ക് സംവാദ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഫെഡറലിസം മാനിച്ച് പ്രധാനമന്ത്രിയുടെ നിലപാട്
''പ്രധാനമന്ത്രി ഫെഡറലിസത്തെ മാനിച്ചാണ് ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തത്. എന്നാല്‍ ശബരിമലയുടെ വികസനത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്,'' സുരേഷ് ഗോപി പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല്, ദേവസ്വം വകുപ്പ് കേന്ദ്രത്തില്‍
അമിത് ഷാ പ്രഖ്യാപിച്ച പ്രകാരം ഏകീകൃത സിവില്‍ കോഡ് ഉടന്‍ വരാനിരിക്കുന്നതായും, അതിന് പിന്നാലെ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ''ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനവും കേന്ദ്ര ദേവസ്വം വകുപ്പും നിലവില്‍ വരും. അതിന് കീഴിലാകും ക്ഷേത്രങ്ങള്‍. ഇത് സംഭവിക്കില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.