ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധശേഷിക്ക് പുതിയ ഉന്നതിയിലേക്ക് നയിക്കുന്ന പരീക്ഷണം വിജയകരമായി നടന്നു. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റം ഉപയോഗിച്ച് 'അഗ്നി പ്രൈം' മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ട്രെയിനില്‍ നിന്നുള്ള ഈ പരീക്ഷണം ഇന്ത്യയില്‍ ആദ്യമായാണ് നടക്കുന്നത്.
ദേശീയ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിച്ച പ്രത്യേക പ്ലാറ്റ്ഫോമില്‍ നിന്നാണ് വിക്ഷേപണം നടന്നത്. പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചു. ''ഇത് ഇന്ത്യയുടെ വളര്‍ന്നു വരുന്ന തന്ത്രപരമായ പ്രതിരോധ ശേഷിയുടെ പ്രതീകമാണ്,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള അടുത്ത തലമുറ മിസൈലാണ് അഗ്നി പ്രൈം. പരീക്ഷണത്തിന്റെ വിജയത്തിന് ഡിആര്‍ഡിഒ, സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് (എസ്എഫ്സി), സായുധ സേന എന്നിവയെ മന്ത്രി അഭിനന്ദിച്ചു.