കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ 'ഓപ്പറേഷന്‍ നുംഖോര്‍' റെയ്ഡിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്നു പിടിച്ചെടുത്ത 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു.
ആദ്യമായി പിടിച്ചെടുത്ത വാഹനത്തിന്റെ രേഖകള്‍ അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണെങ്കിലും മേല്‍വിലാസം വ്യാജമാണെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ഇങ്ങനെയൊരു വ്യക്തിയെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതും, മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകളില്‍ ഈ വാഹനത്തെക്കുറിച്ച് വിവരങ്ങളില്ലാത്തതും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ച ആഡംബര കാറുകളുടെ എണ്ണം ആയിരത്തിലധികമെന്ന് കസ്റ്റംസ് പ്രാഥമികമായി വിലയിരുത്തുന്നു. ഇതില്‍ 200 ഓളം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 38 വാഹനങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. റെയ്ഡിന്റെ വിവരം അറിഞ്ഞ് നിരവധി പേര്‍ വാഹനങ്ങള്‍ ഒളിപ്പിച്ചതായും സംശയമുണ്ട്.
നടന്‍ അമിത്ത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം
കസ്റ്റംസ് അന്വേഷണം നടന്‍ അമിത്ത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് ശക്തമാകുന്നു. കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടോ എന്നതടക്കമാണ് അന്വേഷണത്തിന്റെ ദിശ. 'വലിയ പുള്ളി' എന്ന നിലയിലാണ് കസ്റ്റംസ് അമിത്തിനെ വിശേഷിപ്പിക്കുന്നത്. വാഹന ഇടപാടുകളിലെ മുഖ്യ ഇടനിലക്കാരനായി അമിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയവും ഉണ്ട്.
അമിത്തിന്റെ പേരില്‍ ഒരു ഗ്യാരേജ് നിലവിലുണ്ട്. മോഡിഫിക്കേഷനായി നിരവധി വാഹനങ്ങള്‍ അവിടെ എത്തിച്ചതായും, ഈ വാഹനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലാണോ ബിനാമി ഇടപാടുകളാണോ എന്നതില്‍ കസ്റ്റംസ് സംശയിക്കുന്നു. അമിത്തിന് വാഹന ഡീലര്‍ഷിപ്പ് ഉള്ളതും, മറ്റു സിനിമാ താരങ്ങള്‍ക്ക് വാഹനങ്ങള്‍ എത്തിച്ചുനല്‍കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
അമിത്തിന്റെ പ്രതികരണം
തന്റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തതെന്നും, അതിന്റെ രേഖകള്‍ ക്ലിയറായതുകൊണ്ട് പത്തുദിവസത്തിനകം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും അമിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കസ്റ്റംസ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയേക്കും. കസ്റ്റംസ് റെയ്ഡ് തുടരുന്നതിനിടെ, വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്ന വാഹനങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്.