ന്യൂയോര്‍ക്ക്: യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം സാധാരണ സഞ്ചാരപാത ഒഴിവാക്കി ന്യൂയോര്‍ക്കിലേക്ക് പറന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് 'വിംഗ്‌സ് ഓഫ് സയന്‍' എന്ന ഔദ്യോഗിക വിമാനം അമേരിക്കയിലേക്ക് പുറപ്പെട്ടത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കിയതിന്റെ ഫലമായി വിമാനം ഏകദേശം 600 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2024 നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിന് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനും സമാനമായ വാറണ്ടുണ്ട്.
തങ്ങളുടെ രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രീസും ഇറ്റലിയും ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ആകാശം ഒഴിവാക്കി നെതന്യാഹുവിന്റെ വിമാനം യാത്രചെയ്തത്.
സാധാരണയായി ഇസ്രയേല്‍-അമേരിക്ക വിമാനങ്ങള്‍ മധ്യ യൂറോപ്പിലൂടെ ഫ്രഞ്ച് വ്യോമപാതയിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ ഈ യാത്രയില്‍ വിമാനം മെഡിറ്ററേനിയന്‍ കടന്ന്, ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി അറ്റ്ലാന്റിക് റൂട്ടിലൂടെയാണ് ന്യൂയോര്‍ക്കിലേക്ക് എത്തിയത്. സഞ്ചാരപാത മാറ്റിയതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.