വാഷിങ്ടണ്‍: എച്ച്-1ബി വിസ പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു. നിലവിലെ റാന്‍ഡം ലോട്ടറി സമ്പ്രദായം ഒഴിവാക്കി, ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന വിദേശികള്‍ക്കും മുന്‍ഗണന നല്‍കുന്ന വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കാനാണ് നീക്കം.
വേതനനില അടിസ്ഥാനമാക്കി പുതിയ സെലക്ഷന്‍ സംവിധാനം
ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ നിര്‍ദേശപ്രകാരം, അപേക്ഷകരുടെ വേതനനിലയെ അടിസ്ഥാനമാക്കി സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കും. നാല് വേതന ബാന്‍ഡുകളായി തിരിച്ച്, ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് നാല് തവണ സെലക്ഷന്‍ പൂളില്‍ അവസരം ലഭിക്കും. കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഒരിക്കല്‍ മാത്രമേ അവസരം ലഭിക്കൂ. 162,528 ഡോളര്‍ വരെ ശമ്പളം ലഭിക്കുന്നവര്‍ ഉയര്‍ന്ന ബാന്‍ഡിലായിരിക്കും.
വിദേശ വിദ്യാര്‍ഥികള്‍ക്കും ഗുണകരം
പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തല്‍. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ ഡാറ്റ പ്രകാരം, അംഗീകൃത എച്ച്-1ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്.
വിസ ദുരുപയോഗം തടയലാണ് ലക്ഷ്യം
വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വില്‍ ഷാര്‍ഫ് അഭിപ്രായപ്പെട്ടതുപോലെ, എച്ച്-1ബി വിസ സംവിധാനം യുഎസില്‍ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന പദ്ധതികളിലൊന്നാണ്. അതിനാല്‍ തന്നെ, ട്രംപ് ഭരണകൂടം ഈ പദ്ധതിയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നീക്കം ആരംഭിച്ചു. നേരത്തെ, എച്ച്-2ബി അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയിരുന്നു.
ഫെഡറല്‍ രജിസ്ട്രിയില്‍ നിയമനിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു
പുതിയ നിര്‍ദേശങ്ങള്‍ ഫെഡറല്‍ രജിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, നിയമനിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആഗോള തലത്തിലുള്ള കഴിവുകള്‍ യുഎസ് സാമ്പത്തിക മേഖലയിലേക്ക് ഒഴുകുന്നതിനുള്ള വഴിയൊരുക്കുകയാണ് പുതിയ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇമിഗ്രേഷന്‍ അറ്റോര്‍ണി നിക്കോള്‍ ഗുണാര അഭിപ്രായപ്പെട്ടു.