തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്.
ഹരികുമാര്‍ നല്‍കിയ മൊഴിയിലാണ് ശ്രീതുവിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നത്. വെള്ളിയാഴ്ച വൈകിട്ട് പാലക്കാട്ടുനിന്ന് ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതു അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍ നിന്ന് കാണാതായതായി ശ്രീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഹരികുമാറാണ് കൊലപാതകത്തിന് പിന്നിലെന്നും, വഴിവിട്ട ബന്ധം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് കണ്ടെത്തി. ഹരികുമാറും ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് വാട്സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തില്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് അമ്മ ശ്രീതുവിനും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. സംഭവത്തിന്റെ പശ്ചാത്തലം സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.