കോട്ടയം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ടത് എന്‍എസ്എസ് ആണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, 'മറ്റാരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നത് അറിയില്ല. അവരും ആവശ്യപ്പെട്ട് കാണും,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും.
സമദൂര നിലപാടില്‍ ഉറച്ച നിലപാട്
എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് 'ശരിദൂര'മാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 'ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുകൂല നിലപാട് എന്‍എസ്എസിന് ഇല്ല. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള സമദൂര നിലപാടാണ് തുടരുന്നത്. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്,' അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ രാഷ്ട്രീയത്തില്‍ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. സമദൂരത്തില്‍ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ സ്വീകരിച്ച നിലപാട്,' സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തം
കോണ്‍ഗ്രസിനെയോ ബിജെപിയെയോ ആരെയും വിളിച്ചിട്ടില്ലെന്നും, എന്‍എസ്എസിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 'പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ അറിയാന്‍ യോഗത്തില്‍ പറഞ്ഞു. ഈ നിലപാട് യോഗത്തില്‍ എല്ലാവരും അംഗീകരിച്ചു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്ന് വ്യക്തമാക്കണം,' അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരുന്നതില്‍ ആലോചിച്ച് പറയേണ്ട കാര്യമില്ല. ഇക്കാര്യം സംസാരിക്കാനാണ് വരുന്നത് എങ്കില്‍ വരേണ്ടതില്ല. മറ്റ് കാര്യങ്ങള്‍ക്കാണ് ആളുകള്‍ വരേണ്ടത്,' സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.