ലണ്ടന്‍: അയര്‍ലന്‍ഡിന്റെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി കാതറിന്‍ കൊനലി തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേല്‍ പാര്‍ട്ടി നേതാവും മധ്യ-വലതുപക്ഷ സ്ഥാനാര്‍ഥിയുമായ ഹെദര്‍ ഹംഫ്രീസ് പരാജയം സമ്മതിച്ചു. 14 വര്‍ഷമായി പ്രസിഡന്റായിരുന്ന ജനപ്രിയ കവി മൈക്കല്‍ ഡി. ഹിഗിന്‍സിന്റെ പിന്‍ഗാമിയാകും കാതറിന്‍.
ഐറിഷ് പ്രധാനമന്ത്രി മീഷല്‍ മാര്‍ട്ടിന്റെ ഫിയാന ഫോയ്ല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന ജിം ഗാവിന്‍ മൂന്ന് ആഴ്ച മുമ്പ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ മത്സരം കാതറിനും ഹെദറും തമ്മിലായി. സിന്‍ഫീന്‍, ലേബര്‍, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് എന്നീ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കാതറിന്‍ മത്സരിച്ചത്.
ആദ്യ ഫലസൂചനകള്‍ പ്രകാരം കാതറിന്‍ 60% വോട്ടുകള്‍ നേടി. 2016 മുതല്‍ സ്വതന്ത്ര പാര്‍ലമെന്റ് അംഗമായ കാതറിന്‍, കടുത്ത ഇസ്രയേല്‍ വിമര്‍ശകയെന്ന നിലയില്‍ അറിയപ്പെടുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും അഭിഭാഷകയുമായിരുന്ന കാതറിന്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 68-ാം വയസ്സിലാണ് കാതറിന്‍ ഐറിഷ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്.