ലണ്ടന്‍: സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നതിന്റെ പേരില്‍ എട്ട് വയസ്സുകാരന് സംസാര വൈകല്യത്തിനുള്ള എന്‍എച്ച്എസ് ചികിത്സ നിഷേധിച്ചതായി ഗുരുതര ആരോപണം. വെസ്റ്റ് സസെക്‌സിലെ ഹോര്‍ഷാമിനടുത്ത് താമസിക്കുന്ന സ്ത്രീയാണ് തന്റെ മകനെതിരെ നടന്ന വിവേചനം തുറന്നുപറഞ്ഞത്.
ഹോര്‍ഷാം ഹോസ്പിറ്റലിലെ എന്‍എച്ച്എസ് ചില്‍ഡ്രന്‍സ് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി സര്‍വീസിലേക്ക് പ്രാദേശിക ജിപി വഴി നല്‍കിയ റഫറല്‍, കുട്ടി സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ നിരസിക്കപ്പെട്ടതോടെയാണ് അമ്മ രംഗത്തെത്തിയത്. ''സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ എല്ലാ സേവനങ്ങള്‍ക്കും പണം നല്‍കാന്‍ കഴിയുമെന്ന അനുമാനമാണ്. നികുതി, ദേശീയ ഇന്‍ഷുറന്‍സ് അടക്കമുള്ള സംഭാവനകള്‍ നല്‍കുമ്പോള്‍ സേവനം ലഭിക്കാതെ പോകുന്നത് അന്യായമാണ്,'' - അമ്മ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച സസെക്‌സിലെ എന്‍എച്ച്എസ് വക്താവ്, ''വെസ്റ്റ് സസെക്‌സ് കൗണ്ടി കൗണ്‍സിലുമായി ചേര്‍ന്ന് കമ്മീഷന്‍ ചെയ്ത സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി സേവനത്തിന് പ്രാദേശിക അധികാരികളില്‍ നിന്ന് ധനസഹായം ലഭിക്കുന്നില്ല. അതിനാല്‍ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സേവനം നല്‍കാന്‍ കഴിയില്ല,'' എന്ന് വ്യക്തമാക്കി.
കോവിഡ് കാലത്തെ വിദ്യാഭ്യാസ തടസ്സങ്ങള്‍ പരിഗണിച്ചാണ് തങ്ങള്‍ സ്വകാര്യ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതെന്നും, അതിനാല്‍ തന്നെ എല്ലാ മാതാപിതാക്കളും സമ്പന്നരാണെന്ന ധാരണ തെറ്റാണെന്നും അമ്മ വ്യക്തമാക്കി. ഇത്തരം വിവേചനം തുടരുകയാണെങ്കില്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുവദിച്ച ഫണ്ട് സ്വകാര്യ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
റോയല്‍ കോളജ് ഓഫ് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ, സംസാര വൈകല്യങ്ങള്‍ സമയബന്ധിതമായി ചികിത്സിക്കപ്പെടാതെ പോയാല്‍ ദീര്‍ഘകാല സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെക്ക്-പടിഞ്ഞാറന്‍ ലണ്ടനിലെ കിങ്സ്റ്റണ്‍ ഹോസ്പിറ്റലില്‍ ഒരു സ്വകാര്യ വിദ്യാര്‍ത്ഥിക്ക് സന്ധി സംബന്ധമായ അവസ്ഥയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ വിവാദം ഉയരുന്നത്.