എറണാകുളം: മലയാള സിനിമയെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ കോടതി വിധി പറയും. 2017 ഫെബ്രുവരി 17-നാണ് നടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് 19-ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയ സിനിമാലോകം സഹപ്രവര്‍ത്തകയ്ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
കേസില്‍ വഴിത്തിരിവായി മാറിയത് നടി മഞ്ജു വാര്യരുടെ പ്രസംഗമായിരുന്നു. ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യമായി ആരോപിച്ചത് മഞ്ജുവാണ്. ''സ്ത്രീക്ക് വീടിനകത്തും പുറത്തും പുരുഷനോട് നല്‍കുന്ന ബഹുമാനം തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്'' എന്ന സന്ദേശം നല്‍കി നടത്തിയ പ്രസംഗം കേസില്‍ നിര്‍ണായകമായി.
അന്വേഷണ ഘട്ടത്തില്‍ മഞ്ജുവിന്റെ മൊഴി പ്രധാനമായി മാറി. ദിലീപിന് നടിയോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടി തന്നോട് പറഞ്ഞിരുന്നുവെന്നും മഞ്ജു മൊഴി നല്‍കി. പലരും മൊഴിമാറ്റിയ കേസില്‍ മഞ്ജു തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ എട്ടാം പ്രതിയായി ചേര്‍ത്തത്.
കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളുണ്ട്. ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്. അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നാളെ വിധി പറയും. കേരള സമൂഹം ഉറ്റുനോക്കുന്ന കേസിന്റെ വിധി മലയാള സിനിമയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുമെന്ന് കരുതപ്പെടുന്നു