കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികളാണെന്ന നിലപാട് സിപിഎമ്മിനും എല്‍ഡിഎഫിനും ഇന്നും തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും, അവര്‍ക്കൊരിക്കലും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. അവരുടെ നിലപാട് വ്യക്തമാക്കാനാണ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ എത്തിയതെന്നും, കൂടെ സോളിഡാരിറ്റി പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ''നാട്ടിലെ നല്ല കാര്യങ്ങള്‍ക്കെല്ലാം എതിര്‍ നിലപാട് സ്വീകരിക്കുന്നവരാണ് ഇവര്‍. അങ്ങനെയുള്ളവരാണ് സാമൂഹിക വിരുദ്ധര്‍'' എന്ന് നേരിട്ട് അവരോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി ഒരു സര്‍വദേശീയ സംഘടനയായിരുന്നാലും, ഓരോ സ്ഥലത്തും മതതീവ്രവാദ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എല്ലാ മതവിശ്വാസികളും അവരെ എതിര്‍ക്കാന്‍ തയ്യാറാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും എല്‍ഡിഎഫും ഒരിക്കലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, അവര്‍ കറകളഞ്ഞ വര്‍ഗീയവാദികളാണെന്ന നിലപാട് തുടര്‍ന്നും നിലനില്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് യുഡിഎഫ് ഇപ്പോള്‍ മത്സരിക്കുന്നതെന്നും, 2014 ജനുവരി 28-ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ജമാഅത്തെ ഇസ്ലാമി നിയമവിരുദ്ധ പ്രസ്ഥാനമാണെന്ന് സത്യവാങ്മൂലം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു