കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനരീതിയെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇന്‍ഡിഗോ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും, കമ്പനി തന്റെ തെറ്റുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമീപകാലത്ത് ഇന്‍ഡിഗോ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായ സാഹചര്യത്തിലാണ് ജയരാജന്‍ പ്രതികരിച്ചത്. ''ഇത് നേരുവഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന് അന്നേ എനിക്ക് വ്യക്തമായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ചില നേതാക്കള്‍ ഇന്‍ഡിഗോ മാനേജ്മെന്റുമായി ചേര്‍ന്ന് എന്നെ ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുശേഷം കുറെ നാളത്തേക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തിട്ടില്ല,'' ജയരാജന്‍ പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ മരണശേഷം എകെജി ഭവനിലെത്തേണ്ട സാഹചര്യം വന്നപ്പോള്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും വിമര്‍ശിച്ച ജയരാജന്‍, ''അംഗീകൃത നിരക്കിന്റെ ഇരട്ടിയാണ് കമ്പനി വാങ്ങുന്നത്. സീസണ്‍ വെച്ച് കൊയ്ത്താണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല. കമ്പനികള്‍ പണം ഉണ്ടാക്കുമ്പോള്‍ യാത്രക്കാരെ യജമാനന്മാരായി കാണണം,'' എന്നും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിച്ചപ്പോള്‍ തനിക്ക് ശിക്ഷ ലഭിച്ചതായും, ശരിക്കും അവാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും ജയരാജന്‍ ആരോപിച്ചു. ഇന്‍ഡിഗോ മാനേജ്മെന്റ് തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു