കോട്ടയം / ലണ്ടന്‍: യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി കോട്ടയം സ്വദേശിക്ക് ലണ്ടനില്‍ ആദരം. മറ്റക്കര സ്‌നേഹാസ് വിഷന്‍ ചാരിറ്റബിള്‍ സ്ഥാപകനായ സജി കുര്യന്‍ തങ്കച്ചന്‍, യുകെയിലെ പ്രമുഖ എന്‍എച്ച്എസ് ആശുപത്രിയുടെ 'ബെസ്റ്റ് എംപ്ലോയി' അവാര്‍ഡിന് അര്‍ഹനായി. കഴിഞ്ഞ 22 വര്‍ഷമായി എന്‍എച്ച്എസ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന സജി കുര്യന്‍, ജോലി നിഷ്ഠയിലും സഹപ്രവര്‍ത്തകരോടുള്ള സൗഹൃദപരമായ ഇടപെടലുകളിലും ശ്രദ്ധേയനാണ്. നിറപുഞ്ചിരിയോടെ എല്ലാവരോടും ഇടപെടുന്ന അദ്ദേഹത്തിന്റെ സ്വഭാവവും സേവന മനോഭാവവുമാണ് ഈ അംഗീകാരത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ കൂടുതലായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ സഹപ്രവര്‍ത്തകരുടെ വോട്ടുകളിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
സജിയോടൊപ്പം ജോലി ചെയ്യുന്ന മലയാളികളായ ഗില്‍ബര്‍ട്ടും ജോമോനും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെയും സൗഹൃദപരമായ പെരുമാറ്റത്തെയും പ്രശംസിച്ചു. ജോലിസ്ഥലത്ത് മാത്രമല്ല, ജന്മനാടായ മറ്റക്കരയിലും സജി കുര്യന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 2015ല്‍ മറ്റക്കരയില്‍ ആരംഭിച്ച 'സ്‌നേഹാസ് വിഷന്‍ ചാരിറ്റബിള്‍' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിലൂടെ നാട്ടിലെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും മക്കള്‍ ഉപേക്ഷിച്ച അമ്മമാര്‍ക്കും അനാഥര്‍ക്കും ഭക്ഷണവും സഹായവും എത്തിച്ചുവരുന്നു. അവരുടെ ഇഷ്ടഭക്ഷണം തയ്യാറാക്കി നല്‍കുന്നതും ഈ പ്രവര്‍ത്തനത്തിന്റെ പ്രത്യേകതയാണ്. ഈസ്റ്റര്‍, ക്രിസ്മസ്, തിരുവോണം തുടങ്ങിയ ആഘോഷ ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും ആവശ്യമായ സാധനങ്ങളും സ്‌നേഹാസ് വിഷന്‍ ചാരിറ്റബിള്‍ വിതരണം ചെയ്യുന്നു. സജിയുടെ പ്രവര്‍ത്തനങ്ങളെ ജിവോദയിലെ സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ സിസിലിയ എന്നിവര്‍ അഭിനന്ദിക്കുകയും അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തോടൊപ്പം ജന്മനാടിനോടുള്ള കരുതലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൈവിടാതെ മുന്നേറുന്ന സജി കുര്യന്റെ ഈ നേട്ടം യുകെയിലെ മലയാളി സമൂഹത്തിനും കോട്ടയത്തിനും ഒരുപോലെ അഭിമാനമായി മാറുകയാണ്.