ലണ്ടന്: ലണ്ടന് വടക്കുള്ള ബെഡ്ഫോര്‍ഡിന് സമീപം രണ്ട് യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേയുടെ ട്രെയിന്‍ ഡ്രൈവറാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ 89 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 11 പേരുടെ നില അതീവ ഗുരുതരമാണെന്നും 22 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേയുടെ രണ്ട് സര്‍വീസുകളാണ് അപകടത്തില്‍പ്പെട്ടത്. കോര്‍ബിയില്‍ നിന്ന് ലണ്ടന്‍ സെന്റ് പാന്‍ക്രാസിലേക്ക് പോയ ട്രെയിന്‍, നോട്ടിങ്ഹാമില്‍ നിന്ന് ലണ്ടന്‍ സെന്റ് പാന്‍ക്രാസിലേക്ക് പോയ മറ്റൊരു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം. ബെഡ്ഫോര്‍ഡിന് സമീപമുള്ള എല്‍സ്റ്റോ പ്രദേശത്താണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് വലിയ തോതിലുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനമാണ് സ്ഥലത്ത് നടന്നത്. എയര്‍ ആംബുലന്‍സ്, ഹസാര്‍ഡസ് ഏരിയ റെസ്പോണ്‍സ് ടീം, ആംബുലന്‍സ് സര്‍വീസ്, ബെഡ്ഫോര്‍ഡ്ഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, പൊലീസ്, റെയില്‍വേ അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിന് പിന്നാലെ റെയില്‍ പാളത്തിന് സമീപം യാത്രക്കാര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും തകര്‍ന്ന കോച്ചുകളുടെ ചിത്രങ്ങളും പുറത്തുവന്നു.
ലണ്ടന്‍ സെന്റ് പാന്‍ക്രാസിനും ലെസ്റ്ററിനും ഇടയിലുള്ള പാതയിലാണ് അപകടം നടന്നതെന്ന് ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് റെയില്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ലൂട്ടണും ബെഡ്ഫോര്‍ഡിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാര്‍ യാത്ര മാറ്റിവയ്ക്കണമെന്ന് റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു. ബ്രിട്ടനില്‍ ട്രെയിന്‍ അപകടങ്ങള്‍ അപൂര്‍വമായാണ് സംഭവിക്കാറുള്ളത്. 2023 സെപ്റ്റംബറില്‍ സ്‌കോട്ട്ലന്‍ഡിലെ ഏവിയാമോര്‍ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ചിലര്‍ക്ക് പരിക്കേറ്റിരുന്നു. 2020 ഓഗസ്റ്റില്‍ സ്‌കോട്ട്ലന്‍ഡിലെ സ്റ്റോണ്‍ഹാവന് സമീപം കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ട്രെയിന്‍ പാളം തെറ്റി മൂന്നു പേര്‍ മരിച്ചിരുന്നു. ആ സംഭവത്തില്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നെറ്റ്വര്‍ക്ക് റെയിലിന് പിന്നീട് കോടതി പിഴ ചുമത്തിയിരുന്നു. ബെഡ്ഫോര്‍ഡിലെ അപകടം യുകെ റെയില്‍വേ രംഗത്ത് വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. മരിച്ച ഡ്രൈവറുടെ കുടുംബത്തിനും പരിക്കേറ്റ യാത്രക്കാര്‍ക്കും രാഷ്ട്രീയ നേതാക്കളും റെയില്‍വേ അധികൃതരും അനുശോചനം അറിയിച്ചു.