Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5022 INR  1 EURO=108.9562 INR
ukmalayalampathram.com
Sun 05th Jul 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ ഇനി 'ആമസോണ്‍ മാതൃക' സേവനം; അപ്പോയിന്റ്‌മെന്റ് മൂന്ന് ആഴ്ച മുന്‍പ് അറിയിക്കും, കാത്തിരിപ്പുകാര്‍ക്ക് 12 ആഴ്ച കൂടുമ്പോള്‍ അപ്‌ഡേറ്റ്
reporter

ലണ്ടന്‍: ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ ആശയക്കുഴപ്പം ഒഴിവാക്കാനും എന്‍എച്ച്എസ് സേവനങ്ങള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാനും ഇംഗ്ലണ്ടിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് എട്ട് പുതിയ രോഗിസേവന നിലവാരങ്ങള്‍ പ്രഖ്യാപിച്ചു. ജിപി റഫറല്‍ സ്വീകരിച്ച വിവരം മുതല്‍ ആശുപത്രി അപ്പോയിന്റ്‌മെന്റ്, കാത്തിരിപ്പുപട്ടിക, ചികിത്സാനന്തര ഫോളോ അപ്പ് എന്നിവ വരെ രോഗികള്‍ക്ക് ഇനി വ്യക്തവും സമയബന്ധിതവുമായി അറിയിക്കണമെന്നാണ് നിര്‍ദേശം. ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനങ്ങളില്‍ ഓര്‍ഡര്‍ പിന്തുടരുന്നതുപോലെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ രോഗികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലേക്കാണ് എന്‍എച്ച്എസ് നീങ്ങുന്നത്. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആസൂത്രിത ചികിത്സയ്ക്കുള്ള എല്ലാ പുതിയ ആശുപത്രി അപ്പോയിന്റ്‌മെന്റുകളും കുറഞ്ഞത് മൂന്ന് ആഴ്ച മുമ്പ് രോഗികളെ അറിയിക്കണം. അവസാന നിമിഷം അപ്പോയിന്റ്‌മെന്റ് മാറ്റേണ്ടിവന്നാല്‍ 28 ദിവസത്തിനുള്ളില്‍ പുതിയ തീയതി അറിയിക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റഫറല്‍ സ്വീകരിച്ചോ? ഇനി രോഗിക്ക് ഉടന്‍ അറിയാം

ജിപി നല്‍കിയ റഫറല്‍ ആശുപത്രിയിലെ വിദഗ്ധ വിഭാഗം സ്വീകരിക്കുകയും രോഗിയെ കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അതിന്റെ സ്ഥിരീകരണം എന്‍എച്ച്എസ് ആപ്പിലൂടെ ലഭിക്കും. ആപ്പ് ഉപയോഗിക്കാത്തവര്‍ക്ക് എസ്എംഎസ്, കത്ത്, ഫോണ്‍കോള്‍ തുടങ്ങിയ നിലവിലെ ആശയവിനിമയ സംവിധാനങ്ങളും തുടരും. ഇതോടെ റഫറല്‍ നല്‍കിയോ, ആശുപത്രി സ്വീകരിച്ചോ, കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ടോ എന്നറിയാതെ രോഗികള്‍ ആശങ്കപ്പെടുന്ന സാഹചര്യം കുറയ്ക്കുകയാണ് ലക്ഷ്യം. ''എന്‍എച്ച്എസില്‍ നിന്ന് വ്യക്തമായ വിവരം ലഭിക്കാന്‍ ശ്രമിക്കുന്നത് പല കുടുംബങ്ങള്‍ക്കും കട്ടിയുള്ള ചെളിയിലൂടെ നടക്കുന്നതുപോലുള്ള അനുഭവമായിരുന്നു. ചിലര്‍ക്ക് തങ്ങളെ വിദഗ്ധ ചികിത്സയ്ക്കായി റഫര്‍ ചെയ്തിട്ടുണ്ടോ എന്നുപോലും അറിയില്ല. ഇത് അംഗീകരിക്കാനാകില്ല,'' എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ജിം മാക്കി പറഞ്ഞു. രോഗികള്‍ അടിസ്ഥാന വിവരങ്ങള്‍ക്കായി പലതവണ പിന്നാലെ നടക്കേണ്ട സാഹചര്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

12 ആഴ്ച കൂടുമ്പോള്‍ രോഗിയുടെ ആരോഗ്യനില അന്വേഷിക്കണം

കാത്തിരിപ്പുപട്ടികയിലുള്ള രോഗികളുമായി ആശുപത്രികള്‍ കുറഞ്ഞത് 12 ആഴ്ചയിലൊരിക്കല്‍ ബന്ധപ്പെടണം. രോഗിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടോയെന്ന് അന്വേഷിക്കുന്നതിനൊപ്പം കാത്തിരിപ്പുകാലത്ത് സ്വീകരിക്കേണ്ട സ്വയംപരിചരണ നടപടികളും രോഗം വഷളായാല്‍ എന്തുചെയ്യണമെന്നതും അറിയിക്കണം.

ചികിത്സ കഴിഞ്ഞാലും വ്യക്തമായ നിര്‍ദേശം നിര്‍ബന്ധം

ചികിത്സ പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ടം എന്താണെന്നതും രോഗിക്ക് വ്യക്തമായി അറിയിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ഫോളോ അപ്പ് അപ്പോയിന്റ്‌മെന്റ് ലഭിക്കുമോ, അല്ലെങ്കില്‍ ആവശ്യം വന്നാല്‍ രോഗി തന്നെ ഫോളോ അപ്പ് ബുക്ക് ചെയ്യുന്ന Patient Initiated Follow-Up (PIFU) സംവിധാനത്തിലാണോ തുടരേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.

എട്ട് പുതിയ കുറഞ്ഞ സേവന നിലവാരങ്ങള്‍

രോഗി സംഘടനകള്‍, പ്രതിഫലം ലഭിക്കാതെ പരിചരണ ചുമതല നിര്‍വഹിക്കുന്നവരുടെ സംഘടനകള്‍, ഹെല്‍ത്ത്വാച്ച് ഇംഗ്ലണ്ട്, ദി കിങ്സ് ഫണ്ട്, പേഷ്യന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുമായി നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്കുശേഷമാണ് എട്ട് പുതിയ കുറഞ്ഞ രോഗിസേവന നിലവാരങ്ങള്‍ തയ്യാറാക്കിയത്. ഇവ എല്ലാ ആസൂത്രിത എന്‍എച്ച്എസ് ചികിത്സാ സേവനദാതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. ഓരോ എന്‍എച്ച്എസ് ട്രസ്റ്റും വര്‍ഷത്തിലൊരിക്കല്‍ ഈ എട്ട് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പുരോഗതി സംബന്ധിച്ച സംഗ്രഹ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. ഇതിലൂടെ പ്രാദേശിക ആരോഗ്യസേവനങ്ങളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യമാക്കാനാണ് ലക്ഷ്യം.

രോഗി അനുഭവത്തിന് ദേശീയ ഡയറക്ടര്‍

രോഗികളുടെ എന്‍എച്ച്എസ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആദ്യമായി നാഷനല്‍ ഡയറക്ടര്‍ ഓഫ് പേഷ്യന്റ് എക്‌സ്പീരിയന്‍സ് നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ ആരോഗ്യസംവിധാനവുമായി ഇടപെടുന്ന രീതി ലളിതമാക്കുക, ഡാറ്റ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുക, വിവിധ സേവനങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുക എന്നിവയാണ് ലക്ഷ്യം. സര്‍ക്കാരിന്റെ സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് പദ്ധതിയും ഇതോടൊപ്പം മുന്നോട്ടുപോകുകയാണ്. രോഗിയുടെ ആരോഗ്യവിവരങ്ങള്‍ സുരക്ഷിതമായി ഒരിടത്ത് ഏകോപിപ്പിച്ച് വിവിധ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുകയും ഓരോ ആശുപത്രിയിലും രോഗികള്‍ ഒരേ വിവരങ്ങള്‍ വീണ്ടും വീണ്ടും വിശദീകരിക്കേണ്ട സാഹചര്യം കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2028 മുതല്‍ രോഗികള്‍ക്ക് ഈ രേഖകളിലെ വിവരങ്ങള്‍ എന്‍എച്ച്എസ് ആപ്പിലൂടെ കാണാനാകുമെന്നാണ് നിലവിലെ പദ്ധതി.

'രോഗികള്‍ വിവരങ്ങള്‍ക്കായി പിന്നാലെ നടക്കേണ്ട സാഹചര്യം അവസാനിക്കണം'

''ചികിത്സയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭിക്കാന്‍ പോലും രോഗികള്‍ എന്‍എച്ച്എസിന്റെ പിന്നാലെ നടക്കേണ്ട സാഹചര്യം ഏറെക്കാലമായി തുടരുകയാണ്. റഫറല്‍ സ്ഥിരീകരണം, കാത്തിരിപ്പുകാലത്തെ സ്ഥിരം അപ്‌ഡേറ്റുകള്‍, അപ്പോയിന്റ്‌മെന്റിന് മതിയായ മുന്‍കൂര്‍ അറിയിപ്പ് എന്നിവ ആരോഗ്യസേവനത്തിന്റെ അടിസ്ഥാന നിലവാരമാകണം,'' ആരോഗ്യ-സാമൂഹിക പരിചരണ സെക്രട്ടറി ജെയിംസ് മറെ പറഞ്ഞു. റഫറല്‍ കത്തുകള്‍ നഷ്ടപ്പെടുക, അപ്പോയിന്റ്‌മെന്റ് അറിയിപ്പുകള്‍ വൈകുക, മാസങ്ങളോളം വിവരമൊന്നും ലഭിക്കാതെ രോഗികള്‍ അവഗണിക്കപ്പെടുക തുടങ്ങിയ പരാതികള്‍ അവസാനിപ്പിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ സഹായിക്കുമെന്ന് ഹെല്‍ത്ത്വാച്ച് ഇംഗ്ലണ്ട് വിലയിരുത്തി. എന്നാല്‍ പ്രഖ്യാപിച്ച നിലവാരങ്ങള്‍ പ്രായോഗികമായി കൃത്യമായി നടപ്പാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംഘടനയുടെ ഇടക്കാല നയ-ബാഹ്യകാര്യ ഡയറക്ടര്‍ വില്യം പെറ്റ് ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറിന്റെ ഓരോ ഘട്ടവും അറിയിക്കുന്നതുപോലെ, രോഗികള്‍ക്കും സ്വന്തം ചികിത്സാ യാത്ര എവിടെയെത്തിയെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനം സൃഷ്ടിക്കുകയാണ് പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യം. എന്‍എച്ച്എസില്‍ ''ഫൈവ് സ്റ്റാര്‍ കസ്റ്റമര്‍ സര്‍വീസ്'' സംസ്‌കാരം കൊണ്ടുവരണമെന്നാണ് സര്‍ ജിം മാക്കിയുടെയും നേതൃത്വത്തിന്റെയും നിലപാട്.

 
Other News in this category

 
 




 
Close Window