ലണ്ടന്‍: യുകെയില്‍ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യത ശക്തമാകുന്നു. വാരാന്ത്യത്തോടെ ഉയരാന്‍ തുടങ്ങുന്ന താപനില അടുത്തയാഴ്ച തെക്കന്‍, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ 30 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നും ചില മേഖലകളില്‍ 34 ഡിഗ്രിവരെ എത്താമെന്നുമാണ് പുതിയ പ്രവചനങ്ങള്‍. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഈ വര്‍ഷത്തെ മറ്റൊരു ഔദ്യോഗിക ഉഷ്ണതരംഗമായി ഇത് മാറിയേക്കും. ജൂണ്‍ അവസാനവാരത്തില്‍ അനുഭവപ്പെട്ട റെക്കോര്‍ഡ് ചൂടിനേക്കാള്‍ തീവ്രതയും ഈര്‍പ്പവും ഇത്തവണ കുറവായിരിക്കുമെന്നാണ് മെറ്റ് ഓഫിസ് വിലയിരുത്തല്‍. എന്നാല്‍ ഉയര്‍ന്ന താപനില കൂടുതല്‍ ദിവസങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിലും വെയില്‍സിലും ഉയര്‍ന്ന അന്തരീക്ഷമര്‍ദം ശക്തമായി തുടരുന്നതോടെ വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയ്ക്കാണ് സാധ്യത.
തെക്കന്‍, കിഴക്കന്‍ ഇംഗ്ലണ്ടിലാണ് ചൂട് ഏറ്റവും ശക്തമാകാന്‍ സാധ്യത. ലണ്ടന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ 30 ഡിഗ്രിക്ക് മുകളിലുള്ള താപനില വ്യാപകമായി അനുഭവപ്പെടാം. അതേസമയം രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ അറ്റ്‌ലാന്റിക് സ്വാധീനം കാരണം താരതമ്യേന തണുത്ത കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ നാല് ഉച്ചയ്ക്ക് 12 മുതല്‍ ജൂലൈ 11 രാത്രി എട്ട് വരെയാണ് നിലവിലെ അലര്‍ട്ട്. പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ചെറിയ കുട്ടികള്‍, ഹൃദ്രോഗം, ശ്വാസകോശരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ഉയര്‍ന്ന ചൂട് ആരോഗ്യ-സാമൂഹിക പരിചരണ സംവിധാനങ്ങള്‍ക്കും അധിക സമ്മര്‍ദമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അസോര്‍സ് മേഖലയില്‍ നിന്നുള്ള ഉയര്‍ന്ന അന്തരീക്ഷമര്‍ദം യുകെയിലേക്ക് വ്യാപിക്കുന്നതാണ് പുതിയ ചൂടിന് പ്രധാന കാരണമായി കണക്കാക്കുന്നത്. ഇതോടെ മഴമേഘങ്ങളുടെ പ്രവേശനം കുറയുകയും തെളിഞ്ഞ ആകാശം, വരണ്ട കാലാവസ്ഥ, ശക്തമായ സൂര്യപ്രകാശം എന്നിവ അനുഭവപ്പെടുകയും ചെയ്യും. മെറ്റ് ഓഫിസിന്റെ ദീര്‍ഘകാല പ്രവചനപ്രകാരം ജൂലൈ ഒമ്പത് മുതല്‍ 18 വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഉയര്‍ന്ന മര്‍ദത്തിന്റെ സ്വാധീനം തുടരും. എന്നാല്‍ ജൂലൈ 13ന് ആരംഭിക്കുന്ന വാരത്തോടെ ചൂട് സാധാരണ വേനല്‍ക്കാല താപനിലയിലേക്ക് കുറയാനുള്ള സൂചനകളും നിലവിലുണ്ട്. യുകെയില്‍ ഓരോ പ്രദേശത്തിനും നിശ്ചയിച്ചിട്ടുള്ള താപനില പരിധി തുടര്‍ച്ചയായി മൂന്ന് ദിവസമോ അതിലധികമോ മറികടക്കുമ്പോഴാണ് അവിടെ ഔദ്യോഗികമായി ഉഷ്ണതരംഗം രേഖപ്പെടുത്തുന്നത്.