ലണ്ടന്‍: ബ്രിട്ടനില്‍ തൂക്കിലേറ്റപ്പെട്ട അവസാന വനിതയായ റൂത്ത് എലിസിന് 71 വര്‍ഷങ്ങള്‍ക്ക് ശേഷം മരണാനന്തര സോപാധിക മാപ്പ് അനുവദിച്ചു. 1955-ല്‍ പങ്കാളിയായ ഡേവിഡ് ബ്ലേക്ക്ലിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ റൂത്തിനെ അതേ വര്‍ഷം ജൂലൈ 13-ന് ലണ്ടനിലെ ഹോളോവേ ജയിലില്‍ തൂക്കിലേറ്റുകയായിരുന്നു. ഉപപ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായ ഡേവിഡ് ലാമിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ചാള്‍സ് രാജാവ് സോപാധിക മാപ്പ് അനുവദിച്ചത്. റൂത്ത് കൊലപാതകം നടത്തിയിട്ടില്ലെന്ന് ഈ തീരുമാനം പ്രഖ്യാപിക്കുന്നില്ല. പകരം, വധശിക്ഷയെ ജീവപര്യന്തം തടവുശിക്ഷയായി മാറ്റിക്കണക്കാക്കി ഈ അസാധാരണ കേസില്‍ സംഭവിച്ച ഗുരുതരമായ ചരിത്രാനീതിയെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് ലാമി ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. റൂത്ത് ദീര്‍ഘകാലമായി ഗാര്‍ഹിക പീഡനത്തിനും നിര്‍ബന്ധിത നിയന്ത്രണപരമായ പെരുമാറ്റത്തിനും ഇരയായിരുന്നുവെന്ന തെളിവുകള്‍ക്ക് അന്നത്തെ നീതിന്യായ വ്യവസ്ഥ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം. ഇന്നത്തെ നിയമപരവും സാമൂഹികവുമായ ധാരണകളുടെ പശ്ചാത്തലത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ വ്യത്യസ്തമായി വിലയിരുത്തപ്പെട്ടേനെയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
റൂത്തിന്റെ നാല് കൊച്ചുമക്കള്‍ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് മാപ്പ് അനുവദിച്ചത്. കുടുംബം പതിറ്റാണ്ടുകളായി ഈ വിഷയത്തില്‍ പോരാട്ടം നടത്തിവരികയായിരുന്നു. റൂത്തിന്റെ സഹോദരിയും ഇരുപത് വര്‍ഷത്തിലേറെ മുമ്പ് കൊലക്കുറ്റം മരണാനന്തരമായി നരഹത്യക്കുറ്റമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി നടത്തിയിരുന്നു. പാര്‍ലമെന്റില്‍ ലേബര്‍ എംപി പാം കോക്സ് റൂത്തിന്റെ കേസ് ഉന്നയിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തിന്റെയും നിര്‍ബന്ധിത നിയന്ത്രണത്തിന്റെയും യാഥാര്‍ഥ്യങ്ങള്‍ നീതിന്യായ വ്യവസ്ഥ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഭീതിജനകമായ ഓര്‍മപ്പെടുത്തലാണ് റൂത്തിന്റെ കേസെന്ന് അവര്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് രാജാവ് സോപാധിക മാപ്പ് അനുവദിച്ച വിവരം ഡേവിഡ് ലാമി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റൂത്തിന്റെ കൊച്ചുമക്കളായ ലോറ എന്‍സ്റ്റണും സ്റ്റീഫന്‍ ബിയേര്‍ഡും അന്ന് പാര്‍ലമെന്റിലെ ഗാലറിയില്‍ സന്നിഹിതരായിരുന്നു.
തീരുമാനത്തെ റൂത്തിന്റെ കൊച്ചുമകള്‍ ലോറ എന്‍സ്റ്റണ്‍ സ്വാഗതം ചെയ്തു. ഏഴ് പതിറ്റാണ്ടിലേറെയായി വധശിക്ഷയുടെ ആഘാതവും അതുമായി ബന്ധപ്പെട്ട അപമാനബോധവും കുടുംബത്തിന്റെ തലമുറകളെ പിന്തുടര്‍ന്നുവെന്നും, ഇപ്പോഴത്തെ തീരുമാനം ഒടുവില്‍ ഒരു നീതിബോധം നല്‍കുന്നുവെന്നും അവര്‍ പ്രതികരിച്ചു. വെയില്‍സിലെ റില്‍ സ്വദേശിനിയായ റൂത്ത് എലിസ് 1955 ഏപ്രില്‍ 10-ന് ലണ്ടനിലെ ഹാംപ്സ്റ്റെഡിലുള്ള മഗ്ദാല പബ്ബിന് സമീപത്തുവച്ചാണ് ഡേവിഡ് ബ്ലേക്ക്ലിയെ വെടിവച്ച് കൊലപ്പെടുത്തിയത്. റൂത്ത് കടുത്ത ശാരീരിക പീഡനവും ഭീഷണികളും നേരിട്ടിരുന്നുവെന്ന വിവരങ്ങള്‍ പിന്നീട് കുടുംബവും അഭിഭാഷകരും മുന്നോട്ടുവച്ചു; ഈ പശ്ചാത്തലം വിചാരണയില്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്നാണ് മാപ്പിനായുള്ള വാദത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ തീരുമാനത്തെ കരുണയുടെ നടപടിയും ചരിത്രപരമായ അനീതിയുടെ അംഗീകാരവും എന്നാണ് വിശേഷിപ്പിച്ചത്. റൂത്ത് എലിസിന്റെ കഥ ഗാര്‍ഹിക പീഡനത്തിന് ഇരയായവരെ നീതിന്യായ വ്യവസ്ഥ എങ്ങനെ മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യണം എന്നതിനെക്കുറിച്ചുള്ള നിര്‍ണായക പാഠമായി തുടരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.