Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1456 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 06th Jul 2026
 
 
UK Special
  Add your Comment comment
നൈജല്‍ ഫാരേജിന് വീണ്ടും കുരുക്ക്; പ്രഖ്യാപിക്കാത്ത ആനുകൂല്യങ്ങളില്‍ പുതിയ വിവാദം
reporter

ലണ്ടന്‍: ബ്രിട്ടനിലെ റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജിനെതിരെ പ്രഖ്യാപിക്കാത്ത സാമ്പത്തിക ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ വിവാദം. എംപിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് അടുത്ത സുഹൃത്തും അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ ജോര്‍ജ് കോട്രലില്‍ നിന്ന് സുരക്ഷാ സേവനം, ജീവനക്കാരുടെ സഹായം ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടും അവ പാര്‍ലമെന്ററി റജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് ബ്രിട്ടീഷ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഫാരേജിന്റെ സമൂഹമാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെയും സുരക്ഷാ സംഘത്തെയും കോട്രല്‍ ഒരുക്കിക്കൊടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബക്കിങ്ങാം കൊട്ടാരത്തിന് സമീപം കോട്രല്‍ വാടകയ്‌ക്കെടുത്തിരുന്ന വസതിയും ഫാരേജ് ഉപയോഗിച്ചിരുന്നതായാണ് ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ റിഫോം യുകെ ശക്തമായി തള്ളി. ഫാരേജ് പാര്‍ലമെന്റ് അംഗമാകുന്നതിന് മുന്‍പ് വ്യക്തിപരമായ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സഹായങ്ങളാണ് ഇവയെന്നും അതിനാല്‍ പാര്‍ലമെന്ററി റജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ട ബാധ്യത ഉണ്ടായിരുന്നില്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. 'ഒരു ചട്ടവും ലംഘിച്ചിട്ടില്ല. പഴയ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് ഫാരേജിനെ ലക്ഷ്യമിടാനുള്ള ശ്രമം മാത്രമാണിത്' എന്നാണ് റിഫോം യുകെ ട്രഷറി വക്താവ് റോബര്‍ട്ട് ജെന്റിക്കിന്റെ പ്രതികരണം. സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചതില്‍ അസ്വാഭാവികതയില്ലെന്നും സഹായങ്ങള്‍ ലഭിച്ച സമയത്ത് ഫാരേജ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ചെലവും ജീവനക്കാരുടെ സേവനവുമായി ബന്ധപ്പെട്ട സഹായങ്ങളും ലഭിച്ചിരുന്നുവെന്ന് ജെന്റിക് സമ്മതിച്ചെങ്കിലും അവ പൂര്‍ണമായും വ്യക്തിപരമായ സഹായങ്ങളായിരുന്നുവെന്നാണ് പാര്‍ട്ടി വാദം. 2017ല്‍ അമേരിക്കയില്‍ തട്ടിപ്പ് കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് എട്ട് മാസം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ് ജോര്‍ജ് കോട്രല്‍. ബ്രക്‌സിറ്റ് പ്രചാരണകാലം മുതല്‍ ഫാരേജിന്റെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം നിലവില്‍ ക്രിപ്‌റ്റോകറന്‍സി മേഖലയിലും സജീവമാണ്. പാര്‍ലമെന്ററി ചട്ടങ്ങള്‍ പ്രകാരം പുതിയ എംപിമാര്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള 12 മാസത്തിനിടെ ലഭിച്ച റജിസ്റ്റര്‍ ചെയ്യേണ്ട സാമ്പത്തിക താല്‍പര്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കണം. എന്നാല്‍ തികച്ചും വ്യക്തിപരമായ സമ്മാനങ്ങളും സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള സഹായങ്ങളും റജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന വ്യവസ്ഥയുമുണ്ട്. ഈ വ്യവസ്ഥയാണ് നിലവിലെ വിവാദത്തിന്റെ കേന്ദ്രബിന്ദു. എംപിയായതിന് ശേഷം ബെല്‍ജിയം സന്ദര്‍ശനത്തിനും അമേരിക്കയിലെ ആഭ്യന്തര വിമാനയാത്രയ്ക്കുമായി കോട്രല്‍ നല്‍കിയ സഹായം ഫാരേജ് ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അതിന് മുമ്പ് ലഭിച്ച മറ്റ് സഹായങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. അതേസമയം, വ്യക്തിഗത സുരക്ഷയ്ക്കായി ഒരു ക്രിപ്‌റ്റോകറന്‍സി നിക്ഷേപകനില്‍ നിന്ന് ലഭിച്ച 50 ലക്ഷം പൗണ്ടിന്റെ സഹായം റജിസ്റ്റര്‍ ചെയ്തില്ലെന്ന പരാതിയിലും ഫാരേജ് നേരത്തെ തന്നെ പാര്‍ലമെന്ററി മാനദണ്ഡ കമ്മിഷണറുടെ അന്വേഷണം നേരിടുകയാണ്. പുതിയ ആരോപണങ്ങളും നിലവിലെ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window