Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=108.9799 INR
ukmalayalampathram.com
Thu 09th Jul 2026
 
 
UK Special
  Add your Comment comment
ഡെയിലി മെയിലിനെതിരായ സ്വകാര്യതാ കേസ് തള്ളി; ഹാരി രാജകുമാരന് ഹൈക്കോടതിയില്‍ തിരിച്ചടി
reporter

ലണ്ടന്‍: സ്വകാര്യത ലംഘിച്ചും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഹാരി രാജകുമാരനും മറ്റ് ആറു പ്രമുഖരും നല്‍കിയ കേസ് ബ്രിട്ടീഷ് ഹൈക്കോടതി തള്ളി. ഡെയിലി മെയില്‍, മെയില്‍ ഓണ്‍ സണ്‍ഡേ എന്നീ പത്രങ്ങളുടെ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സ് ലിമിറ്റഡിനെതിരെയായിരുന്നു കേസ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ വ്യക്തവും വിശ്വസനീയവുമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാര്‍ പരാജയപ്പെട്ടതായി ജസ്റ്റിസ് മാത്യു നിക്ലിന്‍ നിരീക്ഷിച്ചു. സ്വകാര്യ വിവരങ്ങള്‍ വാര്‍ത്തകളില്‍ വന്നുവെന്നത് മാത്രം അവ നിയമവിരുദ്ധമായി ശേഖരിച്ചതിന്റെ തെളിവാകില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരോപണങ്ങള്‍ ശരിവയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഓരോ ആരോപണവും നിയമപരമായി തെളിയിക്കേണ്ട ബാധ്യത പരാതിക്കാര്‍ക്കാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ഹാക്ക് ചെയ്യുക, ലാന്‍ഡ്ലൈന്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുക, സ്വകാര്യ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുക, തെറ്റിദ്ധരിപ്പിച്ച് മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ കൈക്കലാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ചെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി. വിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഹാരി രാജകുമാരനും സഹപരാതിക്കാരിയായ ബാരോണസ് ഡോറിന്‍ ലോറന്‍സും രംഗത്തെത്തി. തങ്ങള്‍ കോടതിയില്‍ ശക്തമായ തെളിവുകളാണ് സമര്‍പ്പിച്ചതെന്നും വിധി നിരാശാജനകമാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, കോടതി വിധിയെ വന്‍ വിജയമായി അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സ് വിശേഷിപ്പിച്ചു. ഡെയിലി മെയിലിനും അതിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും ലഭിച്ച നിര്‍ണായക വിജയമാണിതെന്നാണ് സ്ഥാപനത്തിന്റെ പ്രതികരണം. ഹാരി രാജകുമാരനെ കൂടാതെ ബാരോണസ് ഡോറിന്‍ ലോറന്‍സ്, നടിമാരായ എലിസബത്ത് ഹര്‍ലി, സേഡി ഫ്രോസ്റ്റ്, ഗായകന്‍ സര്‍ എല്‍ട്ടണ്‍ ജോണ്‍, അദ്ദേഹത്തിന്റെ പങ്കാളി ഡേവിഡ് ഫര്‍ണിഷ്, മുന്‍ രാഷ്ട്രീയ നേതാവ് സര്‍ സൈമണ്‍ ഹ്യൂസ് എന്നിവരാണ് കേസിലെ മറ്റ് പരാതിക്കാര്‍. സ്വകാര്യജീവിതം, കുടുംബബന്ധങ്ങള്‍, പ്രണയബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് വാര്‍ത്തകളാക്കിയെന്നായിരുന്നു ഇവരുടെ പരാതി. ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ ഹാരി രാജകുമാരന്‍ വര്‍ഷങ്ങളായി നടത്തുന്ന നിയമപോരാട്ടങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കേസുകളിലൊന്നായിരുന്നു ഇത്. നേരത്തെ മറ്റു ബ്രിട്ടീഷ് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരായ നിയമനടപടികളില്‍ ഹാരിക്ക് അനുകൂലമായ വിധികളും ഒത്തുതീര്‍പ്പുകളും ഉണ്ടായിരുന്നെങ്കിലും, അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സിനെതിരായ കേസിലെ പരാജയം അദ്ദേഹത്തിന്റെ മാധ്യമവിരുദ്ധ നിയമപോരാട്ടത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

 
Other News in this category

 
 




 
Close Window