ലണ്ടന്‍: ബ്രിട്ടനില്‍ സാമൂഹിക ഐക്യവും ദേശീയ സ്വത്വവും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസവും കടുത്ത സമ്മര്‍ദത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്. മുന്‍ ബ്രിട്ടിഷ് തീവ്രവാദ വിരുദ്ധ കമ്മീഷണര്‍ ഡെയിം സാറാ ഖാന്‍ സഹരചയിതാവായ 'Britain Under Strain: The Broken Social Contract, Democratic Distrust and the Mainstreaming of Extremism' എന്ന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ആഴത്തിലുള്ള സാമൂഹിക ഭിന്നതകള്‍ വെളിപ്പെടുത്തുന്ന കണ്ടെത്തലുകള്‍ പുറത്തുവന്നത്. 4,094 പേരില്‍ നടത്തിയ സര്‍വേയില്‍ 42 ശതമാനം ബ്രിട്ടീഷുകാരും മുസ്ലിംകള്‍ക്ക് ബ്രിട്ടിഷ് സമൂഹത്തില്‍ പൂര്‍ണമായി സംയോജിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ വര്‍ധിച്ചുവരുന്ന വൈവിധ്യം ബ്രിട്ടന്റെ ദേശീയ സ്വത്വത്തെ ഇല്ലാതാക്കുകയാണെന്ന് 55 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പൊതുസമൂഹത്തിലെ ഈ ധാരണകള്‍ക്ക് നേര്‍വിപരീതമായ ചിത്രമാണ് ബ്രിട്ടിഷ് മുസ്ലിംകള്‍ക്കിടയിലെ സര്‍വേ നല്‍കുന്നത്. സര്‍വേയില്‍ പങ്കെടുത്ത മുസ്ലിംകളില്‍ 85 ശതമാനം പേരും ബ്രിട്ടിഷ് സമൂഹവുമായി സംയോജിച്ച് ജീവിക്കുന്നതിനെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി. 88 ശതമാനം പേര്‍ മറ്റ് മതവിഭാഗങ്ങളുമായി സ്വാഭാവികമായി ഇടപഴകുന്നതായും 85 ശതമാനം പേര്‍ക്ക് തങ്ങളുടെ മതം സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
61 ശതമാനം പേര്‍ക്ക് 'സാമൂഹിക കരാര്‍ തകര്‍ന്നു' എന്ന വിശ്വാസം
ബ്രിട്ടനിലെ പ്രശ്‌നം മത-വംശീയ ഭിന്നതകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാരിലും രാഷ്ട്രീയക്കാരിലും പൊതുസ്ഥാപനങ്ങളിലുമുള്ള വിശ്വാസം വലിയ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേര്‍ ബ്രിട്ടനിലെ 'സാമൂഹിക കരാര്‍' തകര്‍ന്നുവെന്ന് അഭിപ്രായപ്പെട്ടു. സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത്, രാഷ്ട്രീയക്കാരിലുള്ള അവിശ്വാസം, അതിര്‍ത്തി നിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന ധാരണ എന്നിവയാണ് പൊതുഅസംതൃപ്തിക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, മാറ്റത്തിന് തടസ്സമാകുന്ന നിയമങ്ങളും സ്ഥാപനങ്ങളും അവഗണിക്കാമെന്ന് 28 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതും റിപ്പോര്‍ട്ട് ഗൗരവത്തോടെ രേഖപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനങ്ങളോടുള്ള നിരാശ തീവ്രമായ രാഷ്ട്രീയ ആശയങ്ങള്‍ക്ക് വളക്കൂറാകുന്നുവെന്നാണ് മുന്നറിയിപ്പ്.
'ബ്രിട്ടീഷ്' ആരാണ്? ദേശീയ സ്വത്വത്തില്‍ ആഴത്തിലുള്ള ഭിന്നത
ബ്രിട്ടീഷ് ദേശീയ സ്വത്വം ആരുടേതാണെന്ന ചോദ്യവും രാജ്യത്തെ പുതിയ സാമൂഹിക വിഭജനത്തിന്റെ കേന്ദ്രമായി മാറിയതായി റിപ്പോര്‍ട്ട് പറയുന്നു. വൈവിധ്യം ദേശീയ സ്വത്വത്തെ ഇല്ലാതാക്കുകയാണെന്ന അഭിപ്രായം ഇനി ഒരു ചെറിയ തീവ്രവിഭാഗത്തിന്റെ നിലപാട് മാത്രമല്ലെന്നും അത് മുഖ്യധാരാ പൊതുധാരണയായി മാറുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സര്‍വേയില്‍ 31 ശതമാനം പേര്‍ വെള്ളക്കാരല്ലാത്തവര്‍ക്ക് ഒരിക്കലും വെള്ളക്കാരെപ്പോലെ 'യഥാര്‍ഥ ബ്രിട്ടീഷുകാരാകാന്‍' കഴിയില്ലെന്ന നിലപാടിനോട് തുറന്ന സമീപനം പ്രകടിപ്പിച്ചു. കൂടാതെ, കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് തിരിച്ചയക്കണമെന്ന ആശയവുമായി ബന്ധപ്പെട്ട 'റിമൈഗ്രേഷന്‍' നിലപാടിനെ 33 ശതമാനം പേര്‍ പിന്തുണച്ചതായും റിപ്പോര്‍ട്ട് കണ്ടെത്തി. റിഫോം യുകെ അനുകൂലികള്‍ക്കിടയില്‍ മുസ്ലിംകള്‍ക്ക് ബ്രിട്ടിഷ് സമൂഹത്തില്‍ സംയോജിക്കാന്‍ കഴിയില്ലെന്ന വിശ്വാസം 71 ശതമാനമായി ഉയരുന്നതും സാമൂഹിക ധ്രുവീകരണത്തിന്റെ ആഴം വ്യക്തമാക്കുന്നതായി പഠനം പറയുന്നു.
ഒരു വര്‍ഷത്തിനിടെ 1,784 തീവ്രവലതുപക്ഷ പരിപാടികള്‍
സമൂഹത്തിലെ അസംതൃപ്തിയും തിരിച്ചറിയല്‍ പ്രതിസന്ധിയും തീവ്രവലതുപക്ഷ സംഘടനകളും ഇസ്ലാമിസ്റ്റ് തീവ്രവാദ ശൃംഖലകളും മുതലെടുക്കുകയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2025 മാര്‍ച്ച് മുതല്‍ 2026 മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ ബ്രിട്ടനിലുടനീളം 1,784 തീവ്രവലതുപക്ഷ ഓഫ്ലൈന്‍ പരിപാടികളും 225 ഇസ്ലാമിസ്റ്റ് പരിപാടികളും ഗവേഷകര്‍ രേഖപ്പെടുത്തി. സാമൂഹിക അസംതൃപ്തിയെ സംഘടിത തീവ്രവാദ പ്രചാരണങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തമാണെന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍. ഇതിനൊപ്പം റഷ്യയും ഇറാനും പോലുള്ള ശത്രുതാപരമായ വിദേശ ശക്തികള്‍ ബ്രിട്ടനിലെ ആഭ്യന്തര ഭിന്നതകളെ മുതലെടുക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആഭ്യന്തര തീവ്രവലതുപക്ഷ, ഇസ്ലാമിസ്റ്റ് പ്രചാരണങ്ങളുമായി വിദേശ പ്രചാരണ ശൃംഖലകള്‍ പലപ്പോഴും ആശയപരമായി ഒത്തുചേരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയ അക്രമത്തിന് പിന്തുണ
രാഷ്ട്രീയ അക്രമത്തെക്കുറിച്ചുള്ള സമീപനത്തിലും ആശങ്കാജനകമായ തലമുറ വ്യത്യാസം റിപ്പോര്‍ട്ട് കണ്ടെത്തി. മൊത്തം ബ്രിട്ടീഷുകാരില്‍ 80 ശതമാനം പേര്‍ രാഷ്ട്രീയ അക്രമം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയെങ്കിലും, 18 മുതല്‍ 34 വയസ്സുവരെയുള്ളവരില്‍ 29 ശതമാനം പേര്‍ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയ അക്രമം അംഗീകരിക്കാമെന്ന നിലപാട് സ്വീകരിച്ചതായി പഠനം പറയുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങളും മുഖ്യധാരയിലേക്ക് കടന്നുവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ പ്രധാന തീരുമാനങ്ങള്‍ രഹസ്യമായ ഒരു സംഘം നിയന്ത്രിക്കുന്നുവെന്ന് 40 ശതമാനം പേര്‍ വിശ്വസിക്കുന്നതായും വാക്‌സിനുകള്‍ സുരക്ഷിതമല്ലെന്ന് 23 ശതമാനം പേര്‍ കരുതുന്നതായും പഠനം കണ്ടെത്തി.
സാറാ ഖാന്റെ മുന്നറിയിപ്പ്: 'അവസരം അതിവേഗം ചുരുങ്ങുന്നു'
റിപ്പോര്‍ട്ട് പുറത്തിറക്കിയ വേളയില്‍ സംസാരിച്ച സാറാ ഖാന്‍, ബ്രിട്ടനിലെ സാമൂഹിക വിഭജനവും വിദ്വേഷവും ജനാധിപത്യ അവിശ്വാസവും നിയന്ത്രിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള അവസരം അതിവേഗം ചുരുങ്ങുകയാണെന്ന് മുന്നറിയിപ്പ് നല്‍കി. തീവ്രവാദ വിരുദ്ധ കമ്മീഷണറായിരുന്ന കാലത്തേക്കാള്‍ ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി കൂടുതല്‍ ഗുരുതരവും ആഴത്തിലുള്ളതുമാണെന്നാണ് അവരുടെ വിലയിരുത്തല്‍. ഇത് താല്‍ക്കാലികമായ പൊതുഅസംതൃപ്തിയല്ലെന്നും സ്ഥാപനങ്ങളിലുള്ള വിശ്വാസം ദീര്‍ഘകാലമായി ക്ഷയിച്ചതിന്റെ ഫലമായ ഘടനാപരമായ പ്രതിസന്ധിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് എന്നതിന്റെ അര്‍ഥവും ആ ദേശീയ സ്വത്വം ആരുടേതാണെന്ന ചോദ്യവും ഇന്ന് യഥാര്‍ഥ സാമൂഹിക സംഘര്‍ഷരേഖയായി മാറിയിരിക്കുകയാണെന്നും സാറാ ഖാന്‍ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം അടിയന്തരമായി പുനഃസ്ഥാപിക്കുകയും സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ നിലവിലെ ഭിന്നതകള്‍ കൂടുതല്‍ അപകടകരമായ രൂപത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്. സാമൂഹിക അസംതൃപ്തി, രാഷ്ട്രീയ അവിശ്വാസം, ദേശീയ സ്വത്വത്തെക്കുറിച്ചുള്ള ആശങ്ക, മത-വംശീയ ഭിന്നതകള്‍ എന്നിവ ഒരേസമയം ശക്തിപ്രാപിക്കുന്നതാണ് ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന വിലയിരുത്തലോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.