Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
UK Special
  Add your Comment comment
വെയില്‍സില്‍ പരിശീലന പറക്കലിനിടെ ആര്‍എഎഫ് ഹോക്ക് ടി2 വിമാനം തകര്‍ന്നു; രണ്ട് പൈലറ്റുമാര്‍ രക്ഷപ്പെട്ടു
reporter

ലണ്ടന്‍: വെയില്‍സിലെ ആങള്‍സിയില്‍ പരിശീലന പറക്കലിനിടെ റോയല്‍ എയര്‍ ഫോഴ്സിന്റെ ഹോക്ക് ടി2 വിമാനം തകര്‍ന്നുവീണു. അപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഇജക്റ്റ് ചെയ്ത് പാരച്യൂട്ടില്‍ സുരക്ഷിതമായി നിലത്തിറങ്ങി. ഇരുവര്‍ക്കും ചെറിയ പരുക്കേറ്റതായും ചികിത്സയ്ക്കായി ബര്‍മിങ്ങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും നോര്‍ത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. ആങള്‍സിയിലെ പെന്‍കാര്‍നിസിയോഗ് പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. അപകടവിവരമറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററുകളും വെയില്‍സ് എയര്‍ ആംബുലന്‍സും അടിയന്തര രക്ഷാസംഘങ്ങളും സ്ഥലത്തെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും മേഖലയില്‍ വിശദമായ പരിശോധനയും രക്ഷാപ്രവര്‍ത്തനവും നടത്തിയതായും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്തുതന്നെ ഓറഞ്ച് നിറത്തിലുള്ള തീജ്വാല കണ്ടിരുന്നതായി ദൃക്‌സാക്ഷി പീറ്റ് ബെന്നറ്റ് പറഞ്ഞു. വിമാനം ഉയരം നേടിയതോടെ തീ അപ്രത്യക്ഷമായെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനം ശക്തമായി ഉയര്‍ന്ന ശേഷം രണ്ടുതവണ വായുവില്‍ കുലുങ്ങിയതായും പിന്നാലെ രണ്ട് വലിയ ശബ്ദങ്ങള്‍ കേട്ടതായും ബെന്നറ്റ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് രണ്ട് പൈലറ്റുമാരും വിമാനത്തില്‍നിന്ന് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റോയല്‍ എയര്‍ ഫോഴ്സ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ആര്‍എഎഫ് വ്യക്തമാക്കി. അപകടസ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അന്വേഷണ-രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ക്ക് തടസ്സമുണ്ടാക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചു. ബ്രിട്ടനിലെ ഫാസ്റ്റ് ജെറ്റ് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ആങള്‍സിയിലെ ആര്‍എഎഫ് വാലി. 1941-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വ്യോമതാവളം ഇന്നും യുകെയുടെ സൈനിക വ്യോമപരിശീലന സംവിധാനത്തിലെ പ്രധാന കേന്ദ്രമാണ്.

 
Other News in this category

 
 




 
Close Window