ലണ്ടന്‍: യുകെയിലെ ഷ്രോപ്ഷെയറിലെ ടെല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജനായ സിക്ക് ബസ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്ത സംഭവത്തില്‍ 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ മര്‍ദിച്ച് ബസില്‍നിന്ന് പുറത്തേക്ക് തള്ളിയശേഷം വാഹനം തട്ടിയെടുത്ത് പ്രതിയും സംഘവും കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.37ഓടെ മെയ്ഡ്ലിയിലെ കോര്‍ട്ട് സ്ട്രീറ്റിലായിരുന്നു സംഭവം. ഡ്രൈവറെ ആക്രമിച്ചശേഷം തട്ടിയെടുത്ത ബസുമായി പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായാണ് വിവരം.
ബസ് ഡ്രൈവര്‍ ആക്രമിക്കപ്പെട്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിനകം പ്രതികള്‍ ബസുമായി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 വയസ്സുകാരനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സാഹചര്യങ്ങളും ആക്രമണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത ബസ് സഞ്ചരിച്ച വഴിയിലുണ്ടായ അപകടങ്ങളും വാഹനനാശവും സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.