ലണ്ടന്‍: കൃത്രിമബുദ്ധി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള വന്‍കിട സാങ്കേതിക കമ്പനികള്‍ കൂറ്റന്‍ ഡാറ്റാ സെന്ററുകളും അത്യാധുനിക കംപ്യൂട്ടറുകളും സ്ഥാപിക്കുകയും വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, തികച്ചും വ്യത്യസ്തമായ സാങ്കേതികവിദ്യയിലൂടെ ശ്രദ്ധേയമായ നേട്ടവുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സി.കെ. സഫീര്‍. ഒരു പാത്രത്തിലെ വെള്ളത്തില്‍ രൂപപ്പെടുന്ന ഓളങ്ങളെ മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് സമാനമായി ഉപയോഗിച്ച് സ്വയം സഞ്ചരിക്കുന്ന റോബോട്ട് വാഹനത്തെ നിയന്ത്രിക്കാമെന്നാണ് ഡോ. സഫീറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം തെളിയിച്ചിരിക്കുന്നത്. രാജ്യാന്തര ശാസ്ത്ര ജേണലായ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ശാസ്ത്രലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്.
തലച്ചോറിനെ അനുകരിക്കാന്‍ പ്രകൃതിയിലെ തരംഗങ്ങള്‍
മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ ഗണിത മാതൃകകളാക്കി മാറ്റി സാധാരണ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് നിലവിലെ കൃത്രിമബുദ്ധി സംവിധാനങ്ങളില്‍ പൊതുവെ ഉപയോഗിക്കുന്നത്. സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ ആവശ്യമായതിനാല്‍ ചാറ്റ്ജിപിടി പോലുള്ള സംവിധാനങ്ങള്‍ക്ക് വലിയ ഡാറ്റാ സെന്ററുകളും ഉയര്‍ന്ന ഊര്‍ജ ഉപഭോഗവും ആവശ്യമായി വരുന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഗണിതരൂപത്തില്‍ അനുകരിക്കുന്നതിനു പകരം തലച്ചോറിന്റെ പ്രവര്‍ത്തനരീതിയെ ഭൗതിക സംവിധാനങ്ങള്‍കൊണ്ട് നേരിട്ട് പകര്‍ത്താന്‍ കഴിയുമോ എന്ന ചോദ്യത്തിനാണ് തന്റെ ഗവേഷണം ഉത്തരം തേടുന്നതെന്ന് ഡോ. സഫീര്‍ പറയുന്നു. പ്രകൃതിയിലെ തരംഗങ്ങള്‍ പരസ്പരം കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണമായ പ്രതിപ്രവര്‍ത്തനങ്ങള്‍ മനുഷ്യ മസ്തിഷ്‌കത്തിലെ വിവരവിനിമയത്തിന് സമാനമായി ഉപയോഗിക്കാമെന്ന ആശയമാണ് ഗവേഷണത്തിന്റെ അടിസ്ഥാനം.
വെള്ളത്തിലെ ഓളങ്ങള്‍ പഠിച്ച് വഴികണ്ടെത്തുന്ന റോബോട്ട്
വട്ടപ്പാത്രത്തിലെ വെള്ളത്തില്‍ രൂപപ്പെടുന്ന തരംഗങ്ങളുടെ സവിശേഷതകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. റോബോട്ടിന്റെ ചുറ്റുപാടുകളില്‍നിന്നുള്ള വിവരങ്ങള്‍ വെള്ളത്തിലേക്ക് കൈമാറുമ്പോള്‍ പ്രത്യേക തരംഗ പാറ്റേണുകള്‍ രൂപപ്പെടും. എല്‍ഇഡി വെളിച്ചവും ക്യാമറയും ഉപയോഗിച്ച് ഈ പാറ്റേണുകള്‍ നിരീക്ഷിക്കുകയും അവ വിശകലനം ചെയ്ത് മുന്നിലെ തടസ്സങ്ങള്‍ തിരിച്ചറിയാന്‍ റോബോട്ടിനെ പ്രാപ്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ റോബോട്ടിന് മുന്നിലുള്ള തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം വഴിമാറി സഞ്ചരിക്കാന്‍ സാധിച്ചു.
പരീക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ആശയത്തിന്റെ ലാളിത്യമാണെന്ന് ഡോ. സഫീര്‍ പറയുന്നു. ഒരു പാത്രത്തിലെ വെള്ളവും അതിലെ തരംഗങ്ങളുടെ പ്രതിപ്രവര്‍ത്തനവുമാണ് അടിസ്ഥാനപരമായി ഉപയോഗിച്ചത്. പിന്നീട് റോബോട്ടിനെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചതോടെ ചുറ്റുപാടില്‍നിന്നുള്ള വിവരങ്ങള്‍ വെള്ളത്തില്‍ പ്രത്യേക പാറ്റേണുകള്‍ സൃഷ്ടിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ റോബോട്ട് സ്വയം തീരുമാനമെടുത്ത് സഞ്ചരിക്കുകയും ചെയ്തു. മനുഷ്യന്റെ തലച്ചോറില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ശരീരം പ്രവര്‍ത്തിക്കുന്നതുപോലെ, സ്വന്തമായി ഒരു ഭൗതിക 'തലച്ചോര്‍' ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിലേക്കുള്ള ആദ്യ ചുവടുവെപ്പായാണ് ഗവേഷകര്‍ ഇതിനെ കാണുന്നത്.
തടസ്സങ്ങള്‍ തിരിച്ചറിയുന്നതില്‍ നൂറുശതമാനം വിജയം
പാതയിലെ തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കി മുന്നോട്ടുപോകുന്ന പരീക്ഷണത്തില്‍ സംവിധാനം നൂറുശതമാനം വിജയിച്ചതായാണ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. നിലവിലെ പല കൃത്രിമബുദ്ധി സംവിധാനങ്ങളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ തോതില്‍ ഊര്‍ജം ആവശ്യപ്പെടുന്നു. എന്നാല്‍ ചുറ്റുപാടില്‍ മാറ്റമുണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്ന രീതിയാണ് പുതിയ സംവിധാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ റോബോട്ടിന്റെ ഊര്‍ജ ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. വലിയ സാമ്പത്തിക ചെലവോ അതിസങ്കീര്‍ണ്ണ ഉപകരണങ്ങളോ ഇല്ലാതെയും അടിസ്ഥാന ഭൗതികശാസ്ത്ര തത്വങ്ങള്‍ ഉപയോഗിച്ച് ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങള്‍ സാധ്യമാണെന്ന് ഈ പരീക്ഷണം തെളിയിക്കുന്നതായി പ്രബന്ധത്തിന്റെ സഹരചയിതാവും ഓക്സ്ഫോര്‍ഡ് പ്രൊഫസറുമായ തോര്‍സ്റ്റന്‍ ഹെസ്ജെദാല്‍ വ്യക്തമാക്കി. അടിസ്ഥാന ഭൗതികശാസ്ത്രത്തെയും റോബോട്ടിക്സിനെയും സംയോജിപ്പിക്കാനായതാണ് ഗവേഷണത്തിന്റെ പ്രധാന സവിശേഷത.
അടുത്ത ലക്ഷ്യം അതിസൂക്ഷ്മ എഐ ചിപ്പുകള്‍
വെള്ളത്തിലെ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണം ആശയം തെളിയിക്കുന്നതിനുള്ള ആദ്യഘട്ടം മാത്രമാണ്. ഇതേ തത്വം ഉപയോഗിച്ച് അതിസൂക്ഷ്മ കംപ്യൂട്ടര്‍ ചിപ്പുകള്‍ വികസിപ്പിക്കുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് വിരലിന്റെ തുമ്പിനേക്കാള്‍ ചെറുതും നാനോമീറ്റര്‍ തലത്തിലുള്ള വലിപ്പമുള്ളതുമായ ചിപ്പുകളില്‍ സമാന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള സാധ്യതയും ഡോ. സഫീറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിയിച്ചിട്ടുണ്ട്. ഇത്തരം ചിപ്പുകള്‍ യാഥാര്‍ഥ്യമായാല്‍ ഡ്രോണുകള്‍, സ്വയംനിയന്ത്രിത വാഹനങ്ങള്‍, റോബോട്ടുകള്‍, കൃത്രിമ അവയവങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്റര്‍നെറ്റിലേക്കോ വലിയ സെര്‍വറുകളിലേക്കോ വിവരങ്ങള്‍ അയയ്ക്കാതെ തന്നെ തത്സമയം തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കാന്‍ സാധ്യതയുള്ള കണ്ടെത്തലിനെ റോബോട്ടിക്സ്-ഫിസിക്സ് ഗവേഷണ മേഖലയിലെ ശ്രദ്ധേയമായ മുന്നേറ്റമായാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വിലയിരുത്തുന്നത്. ഗവേഷണത്തിന്റെ വാണിജ്യ സാധ്യതകള്‍ പരിഗണിച്ച് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഇന്നൊവേഷന്‍ പേറ്റന്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡോ. സി.കെ. സഫീറിനൊപ്പം ജെ. സോഹര്‍, ഡി. പിന്ന, ജി. വാന്‍ ഡെര്‍ ലാന്‍, ടി. ഹെസ്ജെദാല്‍ എന്നിവരും ഗവേഷണസംഘത്തിലുണ്ട്.