ലണ്ടന്‍: ബ്രിട്ടനിലെ ക്ഷേമ ആനുകൂല്യച്ചെലവ് കുറയ്ക്കുന്നതിനായി കടുത്ത പരിഷ്കാര നിര്‍ദേശങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കേമി ബേഡനോക്ക്. ജോലി ചെയ്യാന്‍ കഴിയുന്നവരായിട്ടും ആറുമാസത്തിലേറെ തൊഴില്‍രഹിതരായി തുടരുകയും ക്ഷേമ സംവിധാനത്തിലേക്ക് മതിയായ സംഭാവന നല്കിയിട്ടില്ലാത്തവരുടെയും യൂണിവേഴ്സല്‍ ക്രെഡിറ്റ് 30 ശതമാനം വരെ കുറയ്ക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി. പുതിയ നിര്‍ദേശപ്രകാരം ജോലി ചെയ്യാന്‍ യോഗ്യരായി വിലയിരുത്തപ്പെടുന്നവര്ക്ക് ആദ്യം ആറുമാസം നിലവിലെ നിരക്കിലുള്ള യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കും. ഈ കാലയളവിനുള്ളില്‍ ജോലി കണ്ടെത്താനാകാതെ വരികയും മുന്‍കാല തൊഴില്‍ സംഭാവന മതിയായ തോതില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ നിലവിലെ നിരക്കിന്റെ 70 ശതമാനം മാത്രമുള്ള പുതിയ 'സബ്സിസ്റ്റന്‍സ് അലവന്‍സ്' ലഭിക്കും. മുന്‍പ് ജോലി ചെയ്തിരുന്ന കാലയളവും ആനുകൂല്യത്തിന്റെ പൂര്‍ണ നിരക്ക് എത്രകാലം ലഭിക്കുമെന്ന് തീരുമാനിക്കുന്നതില്‍ പരിഗണിക്കും.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കണക്കനുസരിച്ച് ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി ഏകദേശം 3.5 ലക്ഷം പേരെ കുറഞ്ഞ നിരക്കിലുള്ള ആനുകൂല്യത്തിലേക്ക് മാറ്റേണ്ടിവരും. ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 538 മില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പണത്തിന് പകരം 'ബാക്ക് ടു വര്‍ക്ക്' കാര്‍ഡ്
കുറഞ്ഞ നിരക്കിലുള്ള ആനുകൂല്യം നേരിട്ട് പണമായി നല്‍കുന്നതിന് പകരം 'ബാക്ക് ടു വര്‍ക്ക്' പ്രീപെയ്ഡ് കാര്‍ഡിലൂടെ നല്‍കാനാണ് നിര്‍ദേശം. ഈ കാര്‍ഡ് ഉപയോഗിച്ച് മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, ചൂതാട്ടം എന്നിവയ്ക്കായി പണം ചെലവഴിക്കാനാകില്ല. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ആനുകൂല്യം വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നു.
അതേസമയം, നിലവില്‍ ജോലി ചെയ്യുന്ന യൂണിവേഴ്സല്‍ ക്രെഡിറ്റ് ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ആരോഗ്യപ്രശ്നങ്ങളോ വൈകല്യമോ കാരണം ജോലി ചെയ്യാനും ജോലി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും പരിമിതമായ ശേഷിയുള്ളവര്‍ക്കും പുതിയ നിയന്ത്രണം ബാധകമാകില്ല. ഭവനച്ചെലവിനും ആശ്രിതരായ കുട്ടികള്‍ക്കുമായി ലഭിക്കുന്ന പ്രത്യേക പേയ്മെന്റുകളും കുറയ്ക്കില്ലെന്നാണ് നിര്‍ദേശം. ജോലി ചെയ്യാന്‍ കഴിയുന്നവര്‍ തൊഴിലെടുക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ബേഡനോക്ക് പറഞ്ഞു. ആളുകളെ തൊഴില്‍ മേഖലയിലേക്ക് തിരികെയെത്തിക്കുന്നത് ശിക്ഷയായി കാണാനാകില്ലെന്നും യഥാര്‍ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് ക്ഷേമസംവിധാനം സുരക്ഷാവലയമായി തുടരുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, നിര്‍ദേശങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പദ്ധതിയെ പ്രായോഗികമല്ലാത്തതെന്നാണ് ലേബര്‍ പാര്‍ട്ടി വിശേഷിപ്പിച്ചതെന്നും ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നത് ദാരിദ്ര്യം വര്‍ധിപ്പിക്കുമെന്ന ആശങ്ക വിവിധ സംഘടനകള്‍ ഉന്നയിച്ചതായും ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.