ലണ്ടന്‍: റഷ്യ ഉള്‍പ്പെടെയുള്ള വിദേശ ശക്തികളില്‍ നിന്നുള്ള വ്യാജവിവര പ്രചാരണങ്ങളും ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളും നേരിടാന്‍ പുതിയ ദേശീയ കേന്ദ്രം സ്ഥാപിക്കുമെന്ന് ബ്രിട്ടന്‍. 'നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഡിഫന്‍സ്' എന്ന പേരിലുള്ള കേന്ദ്രം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. വിദേശ ശക്തികള്‍ നടത്തുന്ന വിവരാക്രമണങ്ങള്‍ തിരിച്ചറിയുക, അവയുടെ ഉറവിടം കണ്ടെത്തുക, ഇത്തരം ഇടപെടലുകള്‍ തടയുക എന്നിവയായിരിക്കും പുതിയ കേന്ദ്രത്തിന്റെ പ്രധാന ചുമതലകള്‍. രഹസ്യാന്വേഷണ ഏജന്‍സികള്‍, നിയമനിര്‍വഹണ വിഭാഗങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ എന്നിവയെ ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ ശക്തമാക്കുന്ന വിവരയുദ്ധ ഭീഷണികളെ നേരിടാനുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
ബ്രിട്ടനും സഖ്യരാജ്യങ്ങളും സമീപകാലത്ത് വലിയ തോതിലുള്ള വിദേശ വിവരാക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ബേണ്‍ഹാം പറഞ്ഞു. റഷ്യന്‍ ഏജന്‍സികള്‍ ബോട്ടുകള്‍, വ്യാജ വെബ്‌സൈറ്റുകള്‍, വ്യാജ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ചതായും സര്‍വകലാശാലകളും ബിബിസിയും ഉള്‍പ്പെടെ 28 ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ ബ്രാന്‍ഡിങ് വ്യാജമായി ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. തീവ്രവലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനും ഇത്തരം പ്രചാരണങ്ങള്‍ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. 2019-ലെ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും പ്രധാനമന്ത്രി യുഎന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ഗുരുതര സംഭവങ്ങള്‍ക്ക് പിന്നാലെ സമൂഹത്തിലെ സംഘര്‍ഷവും അസ്വസ്ഥതയും വര്‍ധിപ്പിക്കാന്‍ റഷ്യന്‍ ഏജന്‍സികള്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
നിര്‍മിതബുദ്ധിയുടെ വളര്‍ച്ച ഇത്തരം ഭീഷണികളുടെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഡീപ്‌ഫേക്ക് അടക്കമുള്ള വ്യാജ ഉള്ളടക്കങ്ങള്‍ തിരിച്ചറിയുന്നതിനും വിദേശ ഇടപെടലുകളെ പ്രതിരോധിക്കുന്നതിനും കൂടുതല്‍ ശക്തമായ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുമെന്നും ബേണ്‍ഹാം വ്യക്തമാക്കി. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നവരും വിദ്യാഭ്യാസം, തൊഴില്‍, പരിശീലനം എന്നിവയില്‍ ഉള്‍പ്പെടാത്ത യുവാക്കളും ഓണ്‍ലൈന്‍ വിദേശ സ്വാധീനത്തിന് കൂടുതല്‍ ഇരയാകാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതും ഇത്തരം സ്വാധീനങ്ങള്‍ക്ക് വഴിയൊരുക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. വ്യാജവിവരങ്ങള്‍ തിരിച്ചറിയാനും അവയെ പ്രതിരോധിക്കാനുമുള്ള കഴിവ് പൊതുജനങ്ങളില്‍ വളര്‍ത്തുന്നതും പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ബ്രിട്ടനിലെ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കുന്നതിനൊപ്പം വിദേശ ഇടപെടലുകള്‍ നേരിടുന്ന മറ്റു രാജ്യങ്ങളുമായി അനുഭവങ്ങളും സാങ്കേതിക അറിവും പങ്കുവയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. റഷ്യന്‍ ഇടപെടലുകളില്‍ നിന്ന് തെരഞ്ഞെടുപ്പ് സംരക്ഷിക്കുന്നതിന് മോള്‍ഡോവയ്ക്ക് ബ്രിട്ടന്‍ ഇതിനകം സഹായം നല്‍കിയിട്ടുണ്ടെന്നും ബേണ്‍ഹാം പറഞ്ഞു.