Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
UK Special
  Add your Comment comment
സൗത്ത്പോര്‍ട്ട് കൂട്ടക്കൊലക്കേസിലെ പ്രതിക്കെതിരെ പുതിയ കുറ്റങ്ങള്‍; ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പ്രോസിക്യൂഷന്‍
reporter

ലണ്ടന്‍: സൗത്ത്പോര്‍ട്ട് ഡാന്‍സ് ക്ലാസ് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആക്സല്‍ റുഡകുബാനയ്ക്കെതിരെ (20) ജയിലിനുള്ളിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുതിയ കുറ്റങ്ങള്‍ ചുമത്തി. ജയില്‍ ഉദ്യോഗസ്ഥന് നേരെ പഞ്ചസാര കലര്‍ത്തിയ തിളച്ച വെള്ളം എറിഞ്ഞ് ഗുരുതരമായി പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. റുഡകുബാന തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട്‌സ് കോടതിയില്‍ ബ്രോഡ്മൂര്‍ ഹൈ-സെക്യൂരിറ്റി മാനസികാരോഗ്യ ആശുപത്രിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി. 2025 മേയ് എട്ടിന് എച്ച്.എം.പി. ബെല്‍മാര്‍ഷില്‍ കഴിയുന്നതിനിടെ സെല്‍ വാതിലിലെ ഹാച്ചിലൂടെ പഞ്ചസാര കലര്‍ത്തിയ തിളച്ച വെള്ളം ജയില്‍ ഉദ്യോഗസ്ഥന് നേരെ എറിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ആക്രമണത്തില്‍ ഉദ്യോഗസ്ഥന് ഗുരുതര പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ഉടന്‍ ചികിത്സ ലഭിച്ചതിനാല്‍ വലിയ അപകടം ഒഴിവായെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഇതിന് രണ്ട് ദിവസം മുന്‍പ് പത്രം നല്‍കിയില്ലെങ്കില്‍ ദ്രാവകം എറിയുമെന്ന് ഒരു വനിതാ ജയില്‍ ഉദ്യോഗസ്ഥയെ റുഡകുബാന ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടര്‍ന്ന് സെല്‍ ഹാച്ചിലൂടെ അജ്ഞാത ദ്രാവകം അവരുടെ നേരെ എറിഞ്ഞുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 2025 ഒക്ടോബര്‍ 28ന് മരുന്ന് കഴിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയ മറ്റൊരു ജയില്‍ ഉദ്യോഗസ്ഥന്റെ മുഖത്ത് റുഡകുബാന ഇടിച്ചതായും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതിന് പുറമെ ഇയാളുടെ സെല്ലില്‍ നിന്ന് മൂര്‍ച്ചയേറിയ കല്ലുകഷണങ്ങളും കണ്ടെത്തിയതായി കോടതിയെ അറിയിച്ചു. സെല്ലിന്റെ തറയില്‍ നിന്ന് ഇളക്കിയെടുത്തതെന്ന് കരുതുന്ന കല്ലുകഷണങ്ങള്‍ ഷെല്‍ഫിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആത്മരക്ഷയ്ക്കായാണ് അവ സൂക്ഷിച്ചതെന്ന് റുഡകുബാന പറഞ്ഞതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ബെല്‍മാര്‍ഷില്‍ നിന്ന് ബ്രോഡ്മൂറിലേക്ക് മാറ്റി

ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുന്നതിനിടെ 2026 ജൂലൈയിലാണ് റുഡകുബാനയെ ബ്രോഡ്മൂര്‍ ഹൈ-സെക്യൂരിറ്റി മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റിയത്. മാനസികാരോഗ്യ നിയമപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഇയാളെ സുരക്ഷിത ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആവശ്യമായ ചികിത്സ ലഭിക്കുന്ന കാലയളവില്‍ റുഡകുബാന ആശുപത്രിയില്‍ തുടരും. ചികിത്സാ സാഹചര്യം മാറിയാല്‍ നിയമപ്രകാരം വീണ്ടും ജയിലിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളും നിലവിലുണ്ട്.

മൂന്ന് പെണ്‍കുട്ടികളുടെ ജീവനെടുത്ത സൗത്ത്പോര്‍ട്ട് ആക്രമണം

2024 ജൂലൈ 29ന് സൗത്ത്പോര്‍ട്ടില്‍ ടെയ്ലര്‍ സ്വിഫ്റ്റ് പ്രമേയമാക്കി സംഘടിപ്പിച്ച ഡാന്‍സ് ക്ലാസിലുണ്ടായ കത്തി ആക്രമണത്തിലാണ് ആറ് വയസ്സുകാരി ബെബെ കിങ്, ഏഴ് വയസ്സുകാരി എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്, ഒന്‍പത് വയസ്സുകാരി ആലിസ് ഡാ സില്‍വ അഗ്വിയാര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എട്ട് കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും റുഡകുബാന കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2025 ജനുവരിയില്‍ കുറഞ്ഞത് 52 വര്‍ഷം ജയിലില്‍ കഴിയണമെന്ന വ്യവസ്ഥയോടെ ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window