ലണ്ടന്‍: ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. സെപ്റ്റംബര്‍ 22നായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ 6E4 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂറിന് ശേഷം ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തിയത്. പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിമാനം തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചത്. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ പാലിച്ചാണ് വിമാനം ഹീത്രൂവിലേക്ക് തിരിച്ചെത്തിച്ചതെന്നും സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും ഇന്‍ഡിഗോ അറിയിച്ചു.
വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാര്‍ 24-ലെ വിവരങ്ങള്‍ പ്രകാരം, ഏകദേശം ഒരു മണിക്കൂറോളം ആകാശത്ത് സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചുവിട്ടത്. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായും തുടര്‍ന്ന് പൈലറ്റുമാര്‍ ഹീത്രൂവിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി. വിമാനം നിലവില്‍ വിശദമായ മെയിന്റനന്‍സ് പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ്. ആവശ്യമായ പരിശോധനകളും അനുമതികളും പൂര്‍ത്തിയായ ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്നും കമ്പനി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ഹോട്ടല്‍ താമസ സൗകര്യം ഒരുക്കിയതായും അടുത്ത ലഭ്യമായ വിമാനങ്ങളില്‍ യാത്രാ ക്രമീകരണം നടത്തിയതായും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും പ്രധാന പരിഗണനയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.