ലണ്ടന്‍/എറണാകുളം: ഒന്നാം വിവാഹവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കുളു-മണാലിയിലേക്ക് യാത്രതിരിച്ച മുന്‍ യുകെ മലയാളി ദമ്പതികളുടെ യാത്ര ദുരന്തത്തില്‍ കലാശിച്ചു. ബെഡ്ഫോര്‍ഡില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന അക്ഷര ജോസും (28) ഭര്‍ത്താവ് സാബിന്‍ മാത്യു കുര്യനും (33) സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് സാബിന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അക്ഷര ചികിത്സയില്‍ തുടരുകയാണ്. 2025 സെപ്റ്റംബര്‍ 15നായിരുന്നു അക്ഷരയുടെയും സാബിന്റെയും വിവാഹം. ഒന്നാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് ഇരുവരും സെപ്റ്റംബര്‍ 12ന് കുളു-മണാലിയിലേക്ക് യാത്രതിരിച്ചു. മണാലിയിലെത്തിയ ശേഷം വാടകയ്ക്ക് എടുത്ത ബൈക്കിലായിരുന്നു ഇരുവരുടെയും യാത്ര. സെപ്റ്റംബര്‍ 20ന് ഉച്ചയോടെ കുളുവിലെ ജിബി മേഖലയിലുള്ള ജിബി-സോജാ ലിങ്ക് റോഡിലായിരുന്നു അപകടം. സോജയില്‍ നിന്ന് ജിബിയിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിമാറി ആഴമേറിയ ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു. സാബിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
എറണാകുളം കോതമംഗലം നെല്ലിമറ്റം കാട്ടുവള്ളിയില്‍ വീട്ടില്‍ കെ.വി. ജോസിന്റെയും ഷെല്‍ബി ജോസിന്റെയും മകളാണ് അക്ഷര. അരുള്‍ ജോസാണ് സഹോദരന്‍. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.ഇ. ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ അക്ഷര പിന്നീട് കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ബയോമെഡിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു. ഉപരിപഠനത്തിനായി 2023ല്‍ യുകെയിലെത്തിയ അക്ഷര അഡ്വാന്‍സ്ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.എസ്.സി. പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ബെഡ്ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ ബയോടെക്‌നോളജിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. വീസയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരത്തിലാണ് അക്ഷര നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് നാട്ടില്‍ ജോലി അന്വേഷിക്കുന്നതിനിടെയാണ് സാബിനൊപ്പം യാത്ര പോയത്.
എറണാകുളം പെരുമ്പാവൂര്‍ അല്ലപ്ര ചീനിക്കുഴി കണ്ടനാടന്‍ വീട്ടില്‍ കുര്യാക്കോസിന്റെയും സാലിക്കുട്ടിയുടെയും മകനാണ് സാബിന്‍ മാത്യു കുര്യന്‍. സബിത മേരി കുര്യനാണ് സഹോദരി. എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം റെയില്‍വേയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രാക്ക് മെയിന്റനന്‍സ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. കായികരംഗത്തും സജീവമായിരുന്നു സാബിന്‍. അക്ഷരയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും നാട്ടിലേക്ക് യാത്ര ചെയ്യാവുന്ന നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു. അക്ഷരയെ നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളില്‍ ചിലര്‍ കുളു-മണാലിയില്‍ എത്തിയിട്ടുണ്ട്. യാത്രയ്ക്കുള്ള ടിക്കറ്റ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
സാബിന്റെ മരണവിവരം അക്ഷരയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാട്ടിലെത്തിയശേഷം വിവരം അറിയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സാബിന്റെ മൃതദേഹം നാട്ടിലെത്തിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്ഷര ഞായറാഴ്ചയോടെ നാട്ടിലെത്തിയാല്‍ തിങ്കളാഴ്ച സംസ്‌കാരം നടത്താനാണ് ആലോചന. എറണാകുളം ചീനിക്കുഴിയിലെ തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിലാണ് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ സന്തോഷത്തോടെ ആരംഭിച്ച യാത്ര അപ്രതീക്ഷിത ദുരന്തത്തില്‍ അവസാനിച്ചതിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ബെഡ്ഫോര്‍ഡിലെ അക്ഷരയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുണ്ട്.