വാട്ടര്‍ഫോര്‍ഡ്/പത്തനംതിട്ട: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് അന്തരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി ജിറ്റോ ആന്റണി കളപ്പുരയ്ക്കല്‍ (41) ആണ് മരിച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിറ്റോ ഇന്ന് രാവിലെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് അന്തരിച്ചത്. റാന്നി അത്തിക്കയം കളപ്പുരയ്ക്കല്‍ പരേതനായ ആന്റണിയുടെ മകനാണ് ജിറ്റോ. ഭാര്യ ജോഷീല ജിറ്റോ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ലൂക്ക് ആന്റണ്‍ ജിറ്റോ, നാഥന്‍ റാഫേല്‍ ജിറ്റോ എന്നിവരാണ് മക്കള്‍. വാട്ടര്‍ഫോര്‍ഡിലെ സര്‍ക്കിള്‍ കെയില്‍ (Circle K) ജോലി ചെയ്തുവരികയായിരുന്നു ജിറ്റോ. മൂന്ന് വര്‍ഷം മുന്‍പാണ് അദ്ദേഹം അയര്‍ലന്‍ഡിലെത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്വന്തമായി വീട് വാങ്ങി കുടുംബത്തോടൊപ്പം താമസം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അസുഖബാധിതനായത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒന്‍പത് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ ജോഷീലയുടെ മാതാപിതാക്കള്‍ സന്ദര്‍ശക വീസയില്‍ അയര്‍ലന്‍ഡിലെത്തി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെയാണ് ജിറ്റോയുടെ അപ്രതീക്ഷിത വിയോഗം. സൗമ്യമായ പെരുമാറ്റത്തിലൂടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു ജിറ്റോ. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വാട്ടര്‍ഫോര്‍ഡിലെയും അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളിലെയും മലയാളി സമൂഹവും റാന്നിയിലെ സുഹൃത്തുക്കളും ദുഃഖത്തിലാണ്. സംസ്‌കാര ചടങ്ങുകളുടെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും.