Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Sep 2026
 
 
UK Special
  Add your Comment comment
ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തദ്ദേശീയന് സിപിആര്‍; ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ് ലിജി ജോസഫ്
reporter

വെസ്റ്റ് സസെക്‌സ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ 50 വയസ്സുകാരനായ തദ്ദേശീയന് അടിയന്തരമായി സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ് ലിജി ജോസഫ്. ചൊവ്വാഴ്ച വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങിന് സമീപമുള്ള ലാന്‍സിങ്ങിലായിരുന്നു സംഭവം. ലിജിയുടെ തൊട്ടടുത്ത ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നീല്‍ ക്രോസ് വുഡ് (50) ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതറിഞ്ഞ് അയല്‍വാസികള്‍ ഓടിക്കൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലിജി ആംബുലന്‍സ് ജീവനക്കാരുടെ നിര്‍ദേശപ്രകാരം ഉടന്‍ സിപിആര്‍ ആരംഭിച്ചു. സമയോചിതമായ ഇടപെടലാണ് നീലിന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമായത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വര്‍ത്തിങ് ഹോസ്പിറ്റലിലെ ബോട്ടോള്‍ഫ്‌സ് സ്‌ട്രോക്ക് വാര്‍ഡില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ് ലിജി ജോസഫ്. അടിയന്തര സാഹചര്യങ്ങളില്‍ സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനവും ലിജി നേടിയിട്ടുണ്ട്.

നഴ്സിങ് ജോലിക്കൊപ്പം കലാരംഗത്തും സജീവമായ ലിജി അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. നേരത്തെ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന സമയത്തും സമാനമായൊരു അടിയന്തര സാഹചര്യം ലിജി നേരിട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു വയോധിക കുഴഞ്ഞുവീണപ്പോള്‍ ലിജി സിപിആര്‍ നല്‍കിയെങ്കിലും അന്ന് ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ആ സംഭവത്തിന്റെ ദുഃഖം ഇന്നും മനസ്സിലുണ്ടെന്ന് ലിജി പറയുന്നു. പിന്നീട് മരിച്ച വയോധികയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും കെയര്‍ ഹോമിലെത്തി ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമത്തിന് ലിജിയോട് നന്ദി അറിയിച്ചിരുന്നു. ഇത്തവണ തന്റെ ഇടപെടലിലൂടെ ഒരാളുടെ ജീവന്‍ രക്ഷിക്കാനായതിന്റെ വലിയ സന്തോഷത്തിലാണ് ലിജി. സംഭവത്തിന് പിന്നാലെ അയല്‍വാസികളും ലിജിയോടും കുടുംബത്തോടും നന്ദി അറിയിച്ചു. ''നിങ്ങള്‍ ഇവിടെ നിന്ന് മാറിപ്പോകരുത്'' എന്നായിരുന്നു അയല്‍വാസികളുടെ സ്‌നേഹപൂര്‍വമായ പ്രതികരണം.

ഏകദേശം നാല് മാസം മുമ്പാണ് ലിജിയും കുടുംബവും ലാന്‍സിങ്ങിലെ ഇപ്പോഴത്തെ താമസസ്ഥലത്തേക്ക് മാറിയത്. അതിന് മുമ്പ് ഗ്ലോസ്റ്റര്‍ഷയറിലെ ട്യൂക്‌സ്ബറിയിലായിരുന്നു താമസം. നാല് വര്‍ഷം മുമ്പ് ജോലിക്കായി യുകെയിലെത്തിയ ലിജി നേരത്തെ ഖത്തറിലും മുംബൈയിലെ റിലയന്‍സ് ഹോസ്പിറ്റലിലും നഴ്സായി ജോലി ചെയ്തിട്ടുണ്ട്. എറണാകുളം നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശിയായ ലിജി കന്നപ്പള്ളി ദേവസി ഔസേപ്പിന്റെയും പയ്യപ്പിള്ളി ഔസേപ്പ് ലിസിയുടെയും മകളാണ്. എറണാകുളം കടമക്കുടി സ്വദേശിയായ ഭര്‍ത്താവ് ജയ്‌സണ്‍ മണവാളന്‍, മക്കളായ കെയ്‌റിന്‍, കൈഡന്‍, കെയ്‌ലിന്‍ എന്നിവര്‍ക്കൊപ്പമാണ് ലിജി താമസിക്കുന്നത്. ജയ്‌സണ്‍ ഷോര്‍ഹാം-ബൈ-സീയിലെ കിങ്‌സ് ലാന്‍ഡ് ഹൗസ് കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നു. ലിജിയുടെ സഹോദരന്‍ ലിജോയും യുകെയിലാണ് ജോലി ചെയ്യുന്നത്. യുകെയില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ലിജിയുടെ സമയോചിതമായ ഇടപെടലിന് തദ്ദേശീയ സമൂഹത്തില്‍ നിന്ന് ലഭിച്ച സ്‌നേഹപൂര്‍വമായ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകള്‍ക്കപ്പുറം അടിയന്തര ഘട്ടത്തിലെ മാനുഷിക ഇടപെടലിന് എത്ര വലിയ പ്രാധാന്യമുണ്ടെന്നതിന്റെ ഉദാഹരണമായി ലിജിയുടെ പ്രവര്‍ത്തനം മാറുകയാണ്.

 
Other News in this category

 
 




 
Close Window