ലണ്ടന്‍: കേരളത്തില്‍ 30 കോടി രൂപയുടെ തിരുവോണം ബംപര്‍ ജേതാവിനെ തേടുന്നതിനിടെ, സമാനമായ ആകാംക്ഷയിലാണ് ബ്രിട്ടനും. യൂറോ മില്യന്‍സ് ലോട്ടറിയില്‍ 111.709 മില്യന്‍ പൗണ്ട്, ഏകദേശം 1,400 കോടിയിലേറെ രൂപയുടെ ജാക്ക്പോട്ട് നേടിയ ടിക്കറ്റ് ഉടമയാണ് ഇതുവരെ സമ്മാനം അവകാശപ്പെടാന്‍ മുന്നോട്ടുവരാത്തത്. സെപ്റ്റംബര്‍ 25ന് നടന്ന നറുക്കെടുപ്പിലെ വിജയടിക്കറ്റ് യുകെയിലാണ് വിറ്റത്. 11, 12, 15, 38, 49 എന്നീ പ്രധാന നമ്പറുകളും 10, 12 എന്നീ ലക്കി സ്റ്റാര്‍ നമ്പറുകളും ഒത്തുവന്ന ഒരേയൊരു ടിക്കറ്റിനാണ് വന്‍തുകയുടെ ജാക്ക്പോട്ട് ലഭിച്ചത്. ടിക്കറ്റുകള്‍ പരിശോധിച്ച് വിജയി സമ്മാനം അവകാശപ്പെടാന്‍ മുന്നോട്ടുവരണമെന്ന് നാഷനല്‍ ലോട്ടറി അധികൃതര്‍ അഭ്യര്‍ഥിച്ചു. സമ്മാനം ഇതിനകം അവകാശപ്പെട്ടതായി സ്ഥിരീകരണമില്ലാത്തതിനാല്‍, കോടികളുടെ ഭാഗ്യം കൈവശമുള്ള ടിക്കറ്റ് ആരുടേതെന്ന ആകാംക്ഷ തുടരുകയാണ്.
നിശ്ചിത സമയപരിധിക്കുള്ളില്‍ വിജയി സമ്മാനം അവകാശപ്പെടണം. എന്നാല്‍ സമ്മാനം സ്വീകരിക്കുന്നവര്‍ സ്വന്തം പേര് പരസ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ വിജയി മുന്നോട്ടുവന്നാലും വ്യക്തിവിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയണമെന്നില്ല. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി നടക്കുന്ന യൂറോ മില്യന്‍സ് നറുക്കെടുപ്പില്‍ വന്‍തുകകള്‍ സമ്മാനമായി ലഭിക്കുന്നത് ഇതാദ്യമല്ല. 2022 ജൂലൈയില്‍ യുകെയില്‍ 195.7 മില്യന്‍ പൗണ്ട് നേടിയ വിജയിയും വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നില്ല. കേരളത്തില്‍ 30 കോടിയുടെ ബംപര്‍ ജേതാവിനായുള്ള കാത്തിരിപ്പാണെങ്കില്‍, ബ്രിട്ടനില്‍ 1,400 കോടിയിലേറെ രൂപയുടെ ടിക്കറ്റ് ഉടമയ്ക്കായാണ് കാത്തിരിപ്പ്. സമ്മാനത്തുകയില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും രണ്ടിടത്തും ഉയരുന്ന ചോദ്യം ഒന്നുതന്നെ: ആരാണ് ആ ഭാഗ്യവാന്?