ലണ്ടന്‍: കുടുംബത്തിന്റെ സാമ്പത്തിക സഹായമില്ലാതെ ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഇംഗ്ലണ്ടില്‍ ആദ്യവീട് വാങ്ങുന്നവരെ ലക്ഷ്യമിടുന്ന പദ്ധതിയില്‍ കുറഞ്ഞത് 2.5 ശതമാനം ഡെപ്പോസിറ്റ് നല്‍കിയാല്‍ മതിയാകും. പുതുതായി നിര്‍മിക്കുന്ന വീടുകള്‍ വാങ്ങുന്നതിന് 20 ശതമാനം ഇക്വിറ്റി ലോണ്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. വായ്പയ്ക്ക് തുടക്കത്തില്‍ പലിശരഹിത കാലയളവും അനുവദിക്കും. സ്വന്തം നിലയില്‍ വീട് വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കാണ് സഹായം നല്‍കുക.
ഉയര്‍ന്ന വരുമാനവും വലിയ സമ്പാദ്യവുമുള്ളവരെ ഒഴിവാക്കാന്‍ കുടുംബവരുമാനത്തിനും ഡെപ്പോസിറ്റിനും പരിധി നിശ്ചയിക്കും. പദ്ധതിയിലൂടെ വാങ്ങാവുന്ന വീടുകളുടെ വിലയ്ക്കും പരിധിയുണ്ടാകും. സ്വന്തമായി ഒരു വീട് എന്ന പ്രതീക്ഷപോലും നിരവധി യുവാക്കള്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ബേണ്‍ഹാം പറഞ്ഞു. മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണ ലഭിക്കാത്ത ആദ്യവീട് വാങ്ങുന്നവരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതും ജീര്‍ണാവസ്ഥയിലുള്ളതുമായ വീടുകള്‍ ഏറ്റെടുക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കുള്ള അധികാരം ശക്തിപ്പെടുത്തുമെന്നും ബേണ്‍ഹാം പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.