ലണ്ടന്‍: ഇംഗ്ലീഷ് ചാനല്‍ കടന്ന് ചെറിയ ബോട്ടില്‍ ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരുടെ സംഘത്തില്‍ റഷ്യന്‍ പൗരനും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഡോവറിന് സമീപത്തെ സാംഫയര്‍ ഹോയില്‍ എത്തിയ മുപ്പതോളം പേരടങ്ങിയ സംഘത്തിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. സംഘത്തിലെ റഷ്യന്‍ പൗരന് ഉള്‍പ്പെടെ 21 പേരെ പിന്നീട് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ശേഷിച്ചവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ ഫോഴ്സിന്റെ പരിശോധനകള്‍ ഒഴിവാക്കി ബോട്ടുകള്‍ തീരത്തെത്തുന്നത് സുരക്ഷാ വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കസ്റ്റഡിയിലുള്ള റഷ്യന്‍ പൗരന് ചാരനോ അട്ടിമറി പ്രവര്‍ത്തകനോ ആണെന്നതിന് നിലവില്‍ തെളിവുകളൊന്നും ലഭ്യമല്ല. യുക്രെയ്നെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ റഷ്യന്‍ സൈന്യത്തിലേക്കുള്ള നിര്‍ബന്ധിത റിക്രൂട്ട്മെന്റ് ഒഴിവാക്കാനാണോ ഇയാള്‍ രാജ്യം വിട്ടതെന്ന് ബോര്‍ഡര്‍ ഫോഴ്സ് പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് തീരത്തെത്തിയ രണ്ട് ചെറിയ ബോട്ടുകളിലൊന്നാണ് സാംഫയര്‍ ഹോയില്‍ എത്തിയത്. തിങ്കളാഴ്ച ഫോക്ക്സ്റ്റോണിന് സമീപമുള്ള വാറന്‍ തീരത്ത് അഞ്ച് കുടിയേറ്റക്കാരുമായി മറ്റൊരു ബോട്ടും എത്തിയിരുന്നു. ഇവരെയെല്ലാം പിന്നീട് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് അറിവുണ്ടെന്ന് കൗണ്ടര്‍ ടെററിസം പൊലീസിങ് സൗത്ത് ഈസ്റ്റ് അറിയിച്ചു. എന്നാല്‍ നിലവില്‍ പ്രത്യേക അന്വേഷണം നടത്തുന്നില്ലെന്നും വ്യക്തമാക്കി. വിഷയത്തില്‍ പ്രതികരിക്കാന്‍ ഹോം ഓഫീസ് തയ്യാറായില്ല. രണ്ട് മാസം മുന്‍പ് ഇറാന് രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ചിലര്‍ ചെറിയ ബോട്ടുകളില്‍ ബ്രിട്ടനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.