ലണ്ടന്‍: മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ബ്രിട്ടനില്‍ 42 ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് ശേഖരമുള്ളതെന്ന് റിപ്പോര്‍ട്ട്. ഇന്ധനവിതരണത്തിലെ തടസ്സം നീണ്ടുനില്‍ക്കുകയും വിലക്കയറ്റം തുടരുകയും ചെയ്താല്‍ രാജ്യം ഇന്ധന അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഗുരുതരമായ വിതരണ പ്രതിസന്ധിയുണ്ടായാല്‍ പെട്രോളിനും ഡീസലിനും റേഷനിങ് ഏര്‍പ്പെടുത്താനുള്ള സാധ്യതയും ചര്‍ച്ചയാകുന്നുണ്ട്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലെ ഇന്ധനശേഖരം കുറവാണെന്നാണ് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 31 ദിവസത്തേക്കുള്ള ശേഖരമുള്ള ഓസ്ട്രേലിയയും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. പ്രതിസന്ധി രൂക്ഷമായാല്‍ റേഷനിങ് നടപ്പാക്കാനുള്ള സാധ്യത ഈ മാസമാദ്യം ട്രഷറി മന്ത്രി തള്ളിക്കളഞ്ഞിരുന്നില്ല. പമ്പുകളിലെ ഇന്ധനവില ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ആര്‍എസിയുടെ കണക്കുകള്‍ പ്രകാരം പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 173.95 പെന്‍സും ഡീസലിന്റേത് 198.89 പെന്‍സുമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ധനക്ഷാമം രൂക്ഷമായാല്‍ വിതരണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ 'നാഷണല്‍ എമര്‍ജന്‍സി പ്ലാന്‍ ഫോര്‍ ഫ്യൂവല്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊര്‍ജസുരക്ഷാ വകുപ്പായ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി ആന്‍ഡ് നെറ്റ് സീറോയുടെ നേതൃത്വത്തിലാണ് അടിയന്തര നടപടികള്‍ ഏകോപിപ്പിക്കുക. പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം അടിയന്തര സേവനങ്ങള്‍ക്കും നിര്‍ണായക സേവനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കുമായിരിക്കും ഇന്ധനവിതരണത്തില്‍ മുന്‍ഗണന. ഗ്യാസ്, വൈദ്യുതി, ജലവിതരണ സംവിധാനങ്ങള്‍, ബസുകളും ഡീസല്‍ ട്രെയിനുകളും ഉള്‍പ്പെടുന്ന പൊതുഗതാഗതം, ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന ലോറികള്‍, ആരോഗ്യ മേഖലയിലേക്കുള്ള വിതരണ വാഹനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനും പരിഗണന നല്‍കും.
സ്വകാര്യ വാഹനങ്ങള്‍ക്കുള്ള ഇന്ധനവിതരണത്തില്‍ നിയന്ത്രണം വരുത്തുന്നതും ഒരാള്‍ക്ക് ഒരേസമയം വാങ്ങാവുന്ന ഇന്ധനത്തിന്റെ അളവ് പരിമിതപ്പെടുത്തുന്നതും അടിയന്തര നടപടികളുടെ ഭാഗമായേക്കാം. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയത്തിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ റേഷനിങ് നടപ്പാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. എണ്ണവിതരണ കമ്പനികളുമായും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് വിതരണത്തിലെ തടസ്സങ്ങള്‍ കുറയ്ക്കാനാണ് അടിയന്തര പദ്ധതി ലക്ഷ്യമിടുന്നത്. ഗുരുതര സാഹചര്യങ്ങളില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണവും ഉപയോഗവും നിയന്ത്രിക്കാന്‍ 1976ലെ എനര്‍ജി ആക്ട് സര്‍ക്കാരിന് അധികാരം നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപൂര്‍വേഷ്യയിലെ റിഫൈനറികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സാധാരണ നിലയിലാകാത്തതും ആഗോള ഇന്ധനവിതരണത്തില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. റഷ്യന്‍ റിഫൈനറികള്‍ക്കുനേരെയുള്ള യുക്രൈന്‍ ആക്രമണങ്ങളും വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്.