ലണ്ടന്‍/ആലപ്പുഴ: യുകെയിലെ വാര്വിക്ഷയറിലുള്ള നനീട്ടനില്‍ മലയാളി യുവതി അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയില്‍ വീട്ടില്‍ നിതിന്‍ വര്‍ഗീസിന്റെ ഭാര്യ ജെനി ജോളി ജോണ്സണ് (35) ആണ് മരിച്ചത്. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ജെനിയെ അണുബാധയെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് നനീട്ടനിലെ ജോര്‍ജ് എലിയറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അന്ത്യം. കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസ് ജോണ്‍സന്റെയും ജോളമ്മ ജോണ്‍സന്റെയും ഏക മകളാണ്. മക്കള്‍: നഥാനിയേല്‍ (7), ജൊവാന (4).
നാട്ടില്‍ ദന്തഡോക്ടറായി പ്രവര്‍ത്തിച്ചിരുന്ന ജെനി, 2023ലാണ് വെയില്‍സിലെ സ്വാന്‍സി സര്‍വകലാശാലയില്‍ എംഎസ്സി പബ്ലിക് ഹെല്‍ത്ത് പഠനത്തിനായി യുകെയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം നനീട്ടനില്‍ ഡെന്റല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. മൂന്നുവര്‍ഷത്തെ സ്പോണ്സര്ഷിപ്പില് ജോലി തുടരുന്നതിനിടെയാണ് ഏകദേശം ആറുമാസം മുന്‍പ് ലുക്കീമിയ സ്ഥിരീകരിച്ചത്.
ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും അടുത്തിടെയുണ്ടായ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏകദേശം അഞ്ചുമാസം മുന്‍പ് യുകെയിലെത്തിയ മാതാപിതാക്കളും ജെനിക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
മിഡ്ലാന്‍ഡ്സിലെ ഹെര്മ്മോന് മാര്‍ത്തോമാ പള്ളി അംഗങ്ങളാണ് നിതിനും കുടുംബവും. കുടുംബത്തിന് പിന്തുണയുമായി സഭാംഗങ്ങളും നനീട്ടനിലെ മലയാളി കൂട്ടായ്മയായ 'നന്മ'യും യുക്മയും രംഗത്തുണ്ട്. ഇവരുടെ സഹകരണത്തോടെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്കാരം നാട്ടില്‍ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. യുകെയിലെ പൊതുദര്‍ശനത്തിന്റെയും നാട്ടിലെ സംസ്കാരച്ചടങ്ങുകളുടെയും തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.