ലണ്ടന്‍: യുകെയില്‍ ഗര്‍ഭിണിയായ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയും വിലപിടിപ്പുള്ള വാച്ചുകളും കവര്‍ന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2025 ഡിസംബര്‍ 13ന് സോളിഹളിലെ സ്മിത്ത്‌സ് വുഡില്‍ നടന്ന കവര്‍ച്ചയില്‍ പ്രതികളെ കണ്ടെത്താന്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടിലെത്തിയ ദമ്പതികളെ പിന്തുടര്‍ന്നെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം അകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചുറ്റികകൊണ്ട് മുഖത്തും തലയിലും വാരിയെല്ലുകളിലും മര്‍ദിച്ചു. ഏകദേശം 45 മിനിറ്റ് ആക്രമണം നീണ്ടുനിന്നതായാണ് വിവരം. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ സോഫയില്‍ പിടിച്ചുകിടത്തി മുഖത്ത് തലയണ അമര്‍ത്തി ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതായും യുവാവ് പറഞ്ഞു.
ആക്രമികളുടെ ആവശ്യം എന്താണെന്ന് തുടക്കത്തില്‍ വ്യക്തമായിരുന്നില്ല. പിന്നീട് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് ക്രിപ്‌റ്റോകറന്‍സി ആപ്പുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഫേസ്ടൈം വിഡിയോ കോളിലൂടെ മറ്റൊരാള്‍ സംഘത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും യുവാവ് വെളിപ്പെടുത്തി. ക്രിപ്‌റ്റോ വാലറ്റിലെ തുക കണ്ടതോടെ അക്രമികള്‍ ഭീഷണി ശക്തമാക്കി. പണം കൈമാറിയില്ലെങ്കില്‍ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലുമെന്ന് വിഡിയോ കോളിലുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതായാണ് യുവാവിന്റെ മൊഴി. തുടര്‍ന്ന് സംഘം നിര്‍ദേശിച്ച ഡിജിറ്റല്‍ വാലറ്റിലേക്ക് ക്രിപ്‌റ്റോകറന്‍സി കൈമാറേണ്ടിവന്നു. വിലകൂടിയ നിരവധി റോലെക്‌സ് വാച്ചുകളും കവര്‍ന്ന സംഘം കാറില്‍ രക്ഷപ്പെട്ടു. സംഭവം നടന്ന് ഒന്‍പത് മാസത്തിലേറെയായിട്ടും പ്രതികളെ തിരിച്ചറിയാനായിട്ടില്ല. സെപ്റ്റംബര്‍ 24ന് പൊലീസ് ക്രൈംസ്റ്റോപ്പേഴ്‌സുമായി ചേര്‍ന്ന് പൊതുജനങ്ങളുടെ സഹായം തേടി. കേസില്‍ നിര്‍ണായക വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
വീട്ടില്‍ കടന്നുകയറിയ മൂന്നുപേരും കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ഉള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇവരിലൊരാള്‍ ഇടത് പുരികത്തിന് താഴെ പാടുള്ള കറുത്ത വര്‍ഗക്കാരനാണെന്നും പൊലീസ് അറിയിച്ചു. മുഖം മറയ്ക്കാതിരുന്ന കാര്‍ ഡ്രൈവറെയും വിഡിയോ കോളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയയാളെയും കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.
ആക്രമണസമയത്ത് കടുത്ത ഭീതിയിലായിരുന്ന യുവതി പിന്നീട് പൂര്‍ണ ഗര്‍ഭകാലം പൂര്‍ത്തിയാക്കി ആരോഗ്യവാനായ കുഞ്ഞിന് ജന്മം നല്‍കി. തന്റെ സമ്പാദ്യമെല്ലാം കവര്‍ച്ചയില്‍ നഷ്ടപ്പെട്ടതായി ഭര്‍ത്താവ് പറഞ്ഞു. പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കുറവാണെങ്കിലും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.