ലണ്ടന്‍: ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ഈ വര്‍ഷം ആയിരത്തിലധികം ഹിജാബുകള്‍ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. പ്രതിമാസം ശരാശരി 162 ശിരോവസ്ത്രങ്ങള്‍ അധികൃതര്‍ നല്‍കുന്നുവെന്ന വിവരത്തിനു പിന്നാലെ വിഷയത്തില്‍ രാഷ്ട്രീയ തര്‍ക്കം ശക്തമായി. നികുതിദായകരുടെ പണം ഉപയോഗിച്ച് അനധികൃതമായി രാജ്യത്തെത്തുന്നവര്‍ക്ക് ഹിജാബ് നല്‍കുന്നതിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമര്‍ശിച്ചു. അധ്വാനിക്കുന്ന ബ്രിട്ടീഷ് ജനതയോടുള്ള അവഹേളനമാണിതെന്നാണ് പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ലഭ്യമാക്കുന്നത് നിയമപരമായ ബാധ്യതയുടെ ഭാഗമാണെന്ന് ഹോം ഓഫീസ് വിശദീകരിച്ചു.
മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബ്രിട്ടനില്‍ തുടരുന്നതിനിടെയാണ് വിതരണത്തിന്റെ കണക്കുകള്‍ പുറത്തുവന്നത്. സ്കൂള്‍ യൂണിഫോമിന്റെ ഭാഗമായി ഹിജാബ് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്നതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് വ്യക്തമാക്കി. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതായി താന്‍ കരുതുന്ന നടപടികളുടെ ഭാഗമാകാന്‍ ഭരണകൂടം തയ്യാറാകരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള കുടിയേറ്റവും അതിനെ നേരിടാനുള്ള സര്‍ക്കാര്‍ നടപടികളും സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെയാണ് ഹിജാബ് വിതരണവും വിവാദമായിരിക്കുന്നത്.