Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണി; പാര്‍ക്കിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതിഷേധം
reporter

ബര്‍മിംഗ്ഹാം: ബ്രിട്ടനിലെ പൊതുപാര്‍ക്കിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം. ബര്‍മിംഗ്ഹാമിന് സമീപത്തെ മെറിഡന്‍ പാര്‍ക്കില്‍ 'ചെല്‍ംസ്ലി വുഡ് പാട്രിയറ്റ്‌സ്' എന്ന പേരിലുള്ള സ്വയംപ്രഖ്യാപിത നിരീക്ഷക സംഘമാണ് വിദ്യാര്‍ഥികളെ നേരിട്ടത്. രാത്രിയില്‍ പാര്‍ക്കിലെത്തിയ വിദ്യാര്‍ഥികളോട് ഇംഗ്ലണ്ടിലേക്ക് വന്നതിന്റെ കാരണവും താമസവിവരങ്ങളും സംഘം ചോദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്നാണ് പ്രദേശത്തേക്ക് താമസം മാറിയതെന്ന് ഒരു വിദ്യാര്‍ഥി വിശദീകരിച്ചു. ബിരുദാനന്തര പഠനത്തിനായി എത്തിയതാണെന്നും രണ്ടുവര്‍ഷമായി ബ്രിട്ടനില്‍ കഴിയുകയാണെന്നും മറ്റൊരാള്‍ അറിയിച്ചു.

എന്നാല്‍, വിശദീകരണം നല്‍കിയിട്ടും പാര്‍ക്കില്‍ വീണ്ടും എത്തരുതെന്ന് സംഘം ഭീഷണിപ്പെടുത്തി. അവസാന മുന്നറിയിപ്പാണെന്ന് പറഞ്ഞ് വിദ്യാര്‍ഥികളോട് മടങ്ങാന്‍ ആവശ്യപ്പെടുകയും അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായാണ് രാത്രി നിരീക്ഷണം നടത്തുന്നതെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം. സംഭവത്തിന്റെ വീഡിയോ പിന്നീട് നീക്കം ചെയ്തെങ്കിലും പകര്‍പ്പുകള്‍ വ്യാപകമായി പ്രചരിച്ചു. വിദ്യാര്‍ഥികളെ വംശീയ പശ്ചാത്തലത്തിന്റെ പേരില്‍ ലക്ഷ്യമിട്ടതാണെന്ന് പ്രദേശവാസികളും വംശീയവിവേചന വിരുദ്ധ പ്രവര്‍ത്തകരും ആരോപിച്ചു. സോളിഹള്‍ ഗ്രീന്‍ പാര്‍ട്ടിയും സംഭവത്തെ അപലപിച്ചു. പൊതുപാര്‍ക്കുകളില്‍ സഞ്ചരിക്കാനും ഒത്തുകൂടാനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്ന് പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അറിയിച്ചു. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window