|
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും കസ്റ്റഡിയില്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പ്രതിഷേധം 8 മണിക്കൂര്‍ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പം ആകാശവാണി ഭവന്‍ കോമ്പൗണ്ടില്‍ കുത്തിയിരിപ്പ് നടത്തിയിരുന്നു. രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണണമെന്നും സര്‍ക്കാരില്‍ തങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കെതിരെയും സിഇസി ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചത്.
ആകാശവാണി ഭവനുമുന്നില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് എംപിമാരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും പോലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ ബസിലേക്ക് മാറ്റിയെങ്കിലും, അവര്‍ പെട്ടെന്ന് തന്നെ ബസില്‍ നിന്ന് ഇറങ്ങി രാഹുല്‍ ഗാന്ധിക്കൊപ്പം ആകാശവാണി ഗേറ്റിന് മുന്നിലെത്തി. |